ജയത്തോടെ സിറ്റി വീണ്ടും തലപ്പത്ത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം മുറുകുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ആറാം മിനിട്ടില്‍ ബെല്‍ജിയം താരം കെവിന് ഡിബ്രൂയിന്റെ ഗോളില്‍ മുന്നിലെത്തിയ സിറ്റിക്കായി 44-ാം മിനിട്ടില്‍ ജര്‍മന്‍ താരം ലിറോയ് സനയും ഗോള്‍ കണ്ടെത്തിയതോടെ ആദ്യ പകുതിയില്‍ തന്നെ സിറ്റി രണ്ട് ഗോളിന്റെ ലീഡ് നേടി. ഗോള്‍ നേടുന്നതിനായി കാര്‍ഡിഫ് സിറ്റി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ രണ്ട് ഗോളിന്റെ തോല്‍വിയുമായി കാര്‍ഡിഫ് സിറ്റി കളി അവസാനിപ്പിച്ചു.
79 ശതമാനവും പന്ത് കൈവശംവച്ച സിറ്റി കാര്‍ഡിഫ് സിറ്റിക്ക് മേല്‍ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ഇതോടെ 32 മത്സരത്തില്‍ 80 പോയിന്റുമായി ലിവര്‍പൂളിനെ പിറകിലാക്കി സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 79 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി ബ്രിങ്ടണെ തകര്‍ത്തു. ഒലിവര്‍ ജിറൗദ് (38),ഈഡന് ഹസാര്‍ഡ് (60), റൂബന്‍ ലോഫ്റ്റസ് (63) എന്നിവരാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. 69 ശതമാനവും പന്ത് കൈവശംവച്ച ചെല്‍സി ബ്രിങ്ടണ് ഗോളിലേക്കുള്ള ഒരവസരവും നല്‍കിയില്ല. ഇതോടെ 63 പോയിന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടനം ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. സണ്‍ മിന് (55), ക്രിസ്റ്റിയന്‍ എറിക്സണ് (80) എന്നിവര്‍ ടോട്ടനത്തിനുവേണ്ടി ഗോളുകള്‍ കണ്ടെത്തി. ജയത്തോടെ 64 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്താണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."