ആം ആദ്മി കേരളത്തില്‍ മത്സരിക്കില്ല; എന്‍.ഡി.എയെ പരാജയപ്പെടുത്തും
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ മത്സരിക്കില്ലെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന്. എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുന്ന രീതിയിലായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകരുതെന്ന ലക്ഷ്യത്തോടെയാണ് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കേരളത്തില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല. അതതു മണ്ഡലങ്ങളിലെ അവസ്ഥ വിലയിരുത്തി സംഘ്പരിവാറിനെതിരേ വിജയം നേടാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും. അഴിമതിക്കെതിരേ പോരാടുന്ന പാര്‍ട്ടി എന്ന നിലയില്‍ അഴിമതിക്കേസില്പെട്ടവരെ പിന്തുണയ്ക്കില്ല.
ഏതെങ്കിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്കോ പാര്‍ട്ടികള്‍ക്കോ ഒപ്പം പാര്‍ട്ടി നേതാക്കള്‍ വേദി പങ്കിടില്ല. സംഘ്പരിവാറിനെതിരേ പാര്‍ട്ടി സ്വന്തം നിലയില്‍ പ്രചാരണം നടത്തും. അഴിമതിക്കാരല്ലാത്ത, അക്രമരാഷ്ട്രീയമില്ലാത്ത, സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കാത്ത സ്ഥാനാര്‍ഥികളെയായിരിക്കും പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയ കാര്യസമിതിയംഗം വിനോദ് മേക്കൊത്ത്, ജില്ലാ കണ്‍വീനര്‍ ഷക്കീര്‍ അലി, പ്രഭാകരന് പാറയില്‍, സി.ജെ വര്‍ഗീസ്, വിനോദ്, ഷമീര്‍ കറ്റൂര്‍, ഷൗക്കത്ത് അലി എരോത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."