ദേശസ്‌നേഹത്തിന് മോദി പുതിയ നിര്‍വചനമുണ്ടാക്കി: സോണിയ
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ-പ്രത്യയ ശാസ്ത്ര എതിരാളികളെ ഇല്ലാതാക്കാനുള്ള നടപടിയാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിക്കൊണ്ടിരുന്നത്. ദേശസ്‌നേഹത്തിന് മറ്റൊരു നിര്‍വചനം കൂടിയുണ്ടെന്ന് മോദി സര്‍ക്കാര്‍ ജനങ്ങളെ പഠിപ്പിച്ചുവെന്നും സോണിയ ആരോപിച്ചു.
നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്‌നേഹികളെന്ന് വിളിക്കുന്നതെന്നും സോണിയ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന 'ജനകീയ സര്‍ക്കാര്‍-2019' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭിന്നാഭിപ്രായങ്ങളെ മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഓടിയൊളിക്കുകയാണ്. ആസൂത്രിതമായ ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആശങ്കയുണ്ടാക്കുന്നതാണിത്. രാജ്യത്തെ നിയമവാഴ്ച നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത കേന്ദ്ര സര്‍ക്കാര്‍, ഏതാനും വ്യവസായികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരേ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. മതം, ജാതി, ആശയ സംഹിത എന്നിവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണ്. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കി ദേശസ്‌നേഹത്തിന് പുതിയ നിര്‍വചനം രചിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."