ജില്ലയില്‍ മണ്ണുമാന്തി യന്ത്രത്തിന് നിയന്ത്രണം; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കല്‍പ്പറ്റ: ജില്ലയിലെ പരിസ്ഥിതി, ഭൂഘടനകള്‍ കണക്കിലെടുത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രേഖകള്‍ കൃത്യമായ പരിശോധിച്ച് മാത്രം യന്ത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം. നികുതി രശീതിയുടെ പകര്‍പ്പ്, കൈവശ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് ഭൂമി നെല്‍വയല്‍, തണ്ണീര്‍ത്തടം, പ്ലാന്റേഷന്‍ എന്നീ ഭൂമികളില്‍ ഉള്‍പ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. ഫോറസ്റ്റ് ലീസ് ലാന്‍ഡില്‍ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ബന്ധമായും വനം വകുപ്പില്‍ നിന്ന് എന്‍.ഒ.സി വാങ്ങേണ്ടതാണ്.
സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കേണ്ട സമയം രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. ഈ സമയക്രമം നിര്‍ബന്ധമായി പാലിക്കണം. പ്രത്യേക കേസുകളില്‍ ജില്ലാ കലക്ടറുടെ അനുമതി വാങ്ങി പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
ജില്ലയില്‍ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ (റവന്യൂ, ജിയോളജി) സമ്മതപത്രവും കൈവശം വെക്കേണ്ടതാണ്. ജില്ലാ കലക്ടറേറ്റില്‍ നടക്കുന്ന ബോധവല്‍കരണ ക്ലാസില്‍ മണ്ണുമാന്തിയന്ത്രം ഉടമസ്ഥര്‍ പങ്കെടുക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."