മോദി തരംഗമെന്ന് പ്രചരിപ്പിക്കുന്നത് കോര്‍പറേറ്റുകളും മാധ്യമങ്ങളും: അമര്‍ജിത് കൗര്‍
കോട്ടയം: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദി തരംഗമെന്ന് പ്രചരിപ്പിക്കുന്നത് കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളുമാണെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. രാജ്യത്തെ എല്ലാ തുറകളിലും നിന്നുള്ളവരുടെയും വികാരം മോദിക്കും ബി.ജെ.പിക്കും എതിരാണെന്നും കോട്ടയം പ്രസ് ക്ലബ്ബിന്റെ ബാറ്റില്‍ 2019 മുഖാമുഖം പരിപാടിയില്‍ അവര്‍ പറഞ്ഞു.
ഒരു സഖ്യത്തിലൂടെ മാത്രമേ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുകയുള്ള. അതില്‍ ഇടതുപക്ഷം നിര്‍ണായകമാകും. 2014ല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ 43 ശതമാനം 10 ശതമാനം വരുന്ന കോര്‍പറേറ്റുകളുടെ കൈവശമായിരുന്നെങ്കില്‍ ഇന്ന് 77 ശതമാനവും അഞ്ചു ശതമാനത്തില്‍ താഴെ വരുന്ന കോര്‍പറേറ്റുകളുടെ കൈയിലാണ്. ഈ കോര്‍പ്പറേറ്റുകളാണ് സര്‍വേ ഫലം എന്ന പേരില്‍ മോദി തരംഗം എന്ന വാദം ഉയര്‍ത്തുന്നത്.
മോദി ഭരണത്തില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അത്യന്തം ആശങ്കാജനകമാം വിധം വര്‍ധിച്ചു. തൊഴില്‍ ക്ഷാമം രൂക്ഷമായി. വിളകള്‍ക്ക് വിലയില്ലാതായി. നോട്ട് നിരോധനം ചെറുകിട വ്യവസായ മേഖലയെ തരിപ്പണമാക്കി. ജനാധിപത്യ സംവിധാനങ്ങള്‍ നോക്കുകുത്തികളായി. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരാക്കി വായടപ്പിക്കാന്‍ ശ്രമം നടന്നു. വായടയ്ക്കാത്തവരെ കൊന്നുതള്ളി. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും വികാരം മോദിക്കും ബി.ജെ.പിക്കും എതിരാണെന്നും കൗര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."