ജില്ലയിലെ ഗ്രീന്‍ പ്രോട്ടോകോള്‍: സംസ്ഥാനത്തിന് മാതൃകയാകണം: കലക്ടര്‍
കല്‍പ്പറ്റ: ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലെ ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തനം പ്രഖ്യാപനത്തിലൊതുക്കാതെ, കര്‍ശനമായി പാലിച്ച് സംസ്ഥാനത്തിന് മാതൃകയാകണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ഒഴിവുള്ള സ്ഥലത്ത് ഹരിതാഭമാര്‍ന്ന ഉദ്യാനം നിര്‍മിക്കുന്നതിന് രൂപരേഖ തയാറാക്കി സമര്‍പ്പിക്കാന്‍ കലക്ടര്‍ ഹരിതകേരളം പ്രവര്‍ത്തന പുരോഗതി അവലോകനത്തിനെത്തിയ ജില്ലാതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
30 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നും അത് പാലിക്കുന്നതിന് തദ്ദേശ ഭരണസ്ഥാപനാധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഹരിതകര്‍മ സേന രൂപീകരിച്ച് കുടുംബശ്രീ മിഷന്‍ മുഖേന മാലിന്യ ശേഖരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ബ്ലോക്കടിസ്ഥാനത്തില്‍ ഷ്രെഡിങ് മെഷീന്‍ സ്ഥാപിച്ചു. വൈത്തിരി, പൊഴുതന, മൂപ്പൈനാട്, തിരുനെല്ലി, പൂതാടി, തൊണ്ടര്‍നാട് മീനങ്ങാടി അമ്പലവയല്‍, മുട്ടില്‍, എടവക എന്നീ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കല്‍പ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ മാലിന്യ സംസ്‌കരണത്തിന് യഥാക്രമം 2.22, മൂന്ന്‌കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബത്തേരി മുനിസിപ്പാലിറ്റിയില്‍ മാലിന്യ സംസ്‌കരണത്തിന് കരിവള്ളിക്കുന്നില്‍ പൊതുസ്വകാര്യ സംരംഭമായി ബയോമെക്കനൈസേഷന്‍ യൂനിറ്റ്് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ഹരിതകേരളാ മിഷന്‍ പദ്ധതി പ്രകാരമുള്ള പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനം നാല്‍പത് ശതമാനം പിന്നിട്ടതായും ഹരിതകേരളാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. പഞ്ചായത്തുതല നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. 120 ഹെക്ടര്‍ തരിശ് നിലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 1.5 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്‌തെന്ന് സോഷ്യല്‍ഫോറസ്ട്രി വിഭാഗം പറഞ്ഞു. തേക്ക്, മഹാഗണി, പുളി, ചെറുനാരകം, നെല്ലി, ഉങ്ങ്, മരുത്, ചെമ്പകം, വേപ്പ്, കണിക്കൊന്ന, ലക്ഷ്മിതരു, മുള, കറിവേപ്പ് എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്തത്. ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ജില്ലാ പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള സുഭദ്രാ നായര്‍, ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, എ.ഡി.സി (ജനറല്‍) പി.സി മജീദ് തുടങ്ങിയ നിര്‍വ്വഹണോദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."