യൂറോപ്യന്‍ ഫുട്‌ബോള്‍ തന്ത്രങ്ങള്‍ സ്വായത്തമാക്കാന്‍ പ്രവാസി ബാലന്‍മാര്‍ ഇറ്റലിയിലേക്ക്
ജിദ്ദ: യൂറോപ്യന്‍ ഫുട്‌ബോളിന്റെ മികവും തന്ത്രവും പഠിക്കുന്നതിന് പ്രവാസി ബാലന്‍മാര്‍ ജിദ്ദയില്‍ നിന്ന് ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങുന്നു. ജിദ്ദാ സ്‌പോട്‌സ് ക്ലബ് (ജെ.എസ്.സി) ആണ് അവസരമൊരുക്കുന്നത്. തിരഞ്ഞെടുത്ത ഇരുപത് കുട്ടികളും മൂന്ന് കോച്ചുമാരും, രണ്ട് മാനേജ്‌മെന്റ് പ്രതിനിധികളുമാണ് ഇറ്റലിയിലേക്ക് പോകുന്നത്. കോച്ചുമാര്‍ക്ക് റോമില്‍ പ്രത്യേക പരിശീലനം ലഭിക്കും. ആദ്യമായാണ് സഊദിയിലെ ഇന്ത്യന്‍ കോച്ചുമാര്‍ക്ക് വിദേശ പരിശീലനത്തിന് അവസരമൊരുങ്ങുന്നത്. ഇറ്റലിയില്‍ ഒരാഴ്ചത്തെ പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുക. ഇത് ജെ.എസ്.സി ഫുട്‌ബോള്‍ ക്യാംപിലുള്ള കുട്ടികള്‍ക്ക് ലോകോത്തര ഫുട്‌ബോളിന്റെ ശാസ്ത്രീയ വശങ്ങള്‍ സ്വായത്തമാക്കാന്‍ സഹായകമാകുമെന്ന് കരുതപ്പെടുന്നു.
പരിശീലനത്തിന് പുറമെ, ലോക നിലവാരത്തിലുള്ള നാല് ടീമുകളുമായി ജെ.എസ്.സി ടീം സൗഹൃദ മത്സരവും നടത്തുന്നുണ്ട്. അണ്ടര്‍ 17, അണ്ടര്‍ 14 മാച്ചുകളാണ് നടക്കുക. കൂടാതെ ലോകകപ്പ് ജേതാവും ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിയുടെ പരിശീലകനുമായ ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മാര്‍ക്കോ മറ്റെരസിയുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
അക്കാദമിയിലെ പരിശീലനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് യൂറോപ്പിലെ വിവിധ ക്ലബുകളില്‍ കളിക്കാനുള്ള അവസരവുമൊരുങ്ങും. അണ്ടര്‍ 18 അമേരിക്കന്‍ ടീമില്‍ അവര്‍ക്കു പ്രവേശനം ലഭിക്കും. യൂറോപ്യന്‍ ഫുട്‌ബോളിലേക്കു കാലുറപ്പിക്കാനുള്ള ഒരു ഇടനാഴി ആയിട്ടാണ് അക്കാദമിയിലെ പരിശീലനം അറിയപ്പെടുന്നത്. അഫ്‌നാന്‍ അഷ്‌റഫ് ആണ് ടീം ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ സല്‍മാന്‍ സഫറും. ഇവര്‍ക്കു പുറമെ കോച്ചുമാരായ നിസാര്‍ യൂസഫ്, സലിം പി.ആര്‍, ഹനീഫ എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളുമുണ്ട്. ഇറ്റലിയിലേക്കു യാത്ര തിരിക്കുന്ന ടീമിന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വിജയാശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."