ഹിന്ദു ധര്‍മസ്ഥാപന നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: ഹിന്ദു ധര്‍മസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 2017ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ (ഭേദഗതി) ബില്‍ സഭയില്‍ അവതരിപ്പിച്ചത്. നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനുള്ള ബില്ലാണിത്.
1951ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ ആക്ടാണ് ഭേദഗതി ചെയ്യുന്നത്. ഇതനുസരിച്ച് ഹിന്ദു ധര്‍മസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ഏഴംഗ പ്രാദേശിക കമ്മിറ്റിയില്‍ ഒരംഗം പട്ടികജാതിയോ പട്ടിക ഗോത്രവര്‍ഗ സമുദായത്തില്‍ പെട്ടയാളോ ആയിരിക്കണം. മറ്റൊരാള്‍ ഹിന്ദു മതത്തില്‍പ്പെട്ട ദാര്‍ശനികനോ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നയാളോ ഹിന്ദു സാഹിത്യ കൃതികള്‍ രചിച്ചയാളോ ആയിരിക്കണം. ഒരംഗം വനിതയായിരിക്കും. മറ്റു നാലംഗങ്ങളുമുണ്ടാകും. പഴയ നിയമമനുസരിച്ച് ഹിന്ദുമതത്തില്‍പ്പെട്ട ദാര്‍ശനികന്‍, ഹിന്ദുമതത്തില്‍പ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമത്തിലെ14ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഏതെങ്കിലും ക്ഷേത്ര ഉപദേശക കമ്മിറ്റിയിലെ അംഗം, പട്ടികജാതി അല്ലെങ്കില്‍ പട്ടിക ഗോത്രവര്‍ഗ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍, ഒരു വനിത, മറ്റു രണ്ടുപേര്‍ എന്നിവരാണ് അംഗങ്ങള്‍.
ബില്‍ ഭേദഗതികള്‍ അവതരിപ്പിക്കുകയോ വിശദമായ ചര്‍ച്ച നടത്തുകയോ ചെയ്യാതെയാണ് സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."