മഹാറാണി രാജസ്ഥാന്‍ അടിയറവച്ചേക്കും
ബി.ജെ.പിക്കെതിരേ രാജ്യമാസകലം തരംഗമുള്ളതായി ആ പാര്‍ട്ടിയുടെ തലപ്പത്തുള്ള ബുദ്ധിജീവികള്‍ക്കു മനസിലായിട്ടുണ്ട്. ഏറെ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍പ്പോലും അടുത്തിടെ നടന്ന ചില സംഭവവികാസങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്. ഇതിനിടയില്‍, രാജസ്ഥാന്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പിലേക്കു പോവുകയാണ്.
രാജസ്ഥാനില്‍ രാജകുടുംബാംഗം വസുന്ധര രാജെ സിന്ധ്യയാണു ബി.ജെ.പി മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോടു വെറുപ്പാണ്. സ്വന്തം പാര്‍ട്ടിപോലും അവരെ വിമര്‍ശിക്കുകയാണ്. അതുകൊണ്ട്, ഇത്തവണ ബി.ജെ.പിക്കു രാജസ്ഥാന്‍ നഷ്ടമായാല്‍ മഹാറാണിയെന്നറിയപ്പെടുന്ന വസുന്ധരയുടെ തലയിലായിരിക്കും പാപഭാരം.
കേരളത്തിലെ അതേ അവസ്ഥയാണു ബി.ജെ.പി രാജസ്ഥാനില്‍ നേരിടുന്നത്. ശക്തിസ്രോതസായ ആര്‍.എസ്.എസ് ബി.ജെ.പിയുമായി സ്വരച്ചേര്‍ച്ചയിലല്ല. ആര്‍.എസ്.എസുകാരനും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഘനശ്യാം തിവാരി പാര്‍ട്ടി വിട്ടതു വലിയ ക്ഷീണമാണ്. ഭാരത് വാഹിനി പാര്‍ട്ടിയെന്ന പേരില്‍ 200 സീറ്റിലും ബി.ജെ.പിക്കെതിരേ മത്സരിക്കാനുള്ള തിവാരിയുടെ തീരുമാനം അവഗണിക്കാനാവില്ല. ബി.ജെ.പിയിലും കോണ്‍ഗ്രസിലുമുള്ള അസംതൃപ്ത നേതാക്കളെ ഒപ്പമെത്തിക്കാനും തിവാരി ശ്രമിക്കുന്നുണ്ട്.
ജാതിക്കോട്ടകളും മൂന്നാംമുന്നണിയും
ബി.ജെ.പി വളരെ കഷ്ടപ്പെട്ടു രാജസ്ഥാനില്‍ പടുത്തുയര്‍ത്തിയ ബ്രാഹ്മണ ജാതിക്കോട്ട തകരുന്ന കാഴ്ചയാണു തിവാരിയുടെ പുറത്തുപോകലിലൂടെ കണ്ടത്. ബ്രാഹ്മണ നേതാവായ തിവാരി പുറത്തുനില്‍ക്കുന്നതു ബി.ജെ.പിക്കു ദോഷം ചെയ്യും. സംസ്ഥാനത്തു 14-15 ശതമാനം വരുന്ന ബ്രാഹ്മണവോട്ട് ബാങ്കിന് 30-35 സീറ്റുകളിലെങ്കിലും വിധി നിര്‍ണയിക്കാന്‍ കഴിയും. രജ്പുത്, വൈശ്യ വിഭാഗങ്ങളും തിവാരിക്കൊപ്പം കൂടിയാല്‍ അത്ഭുതമില്ല. സംവരണമെന്ന ചീട്ടിറക്കിയാണു തിവാരിയുടെ കളി.
ഒ.ബി.സി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി ശ്രമമാരംഭിച്ചതു തിവാരിയുണ്ടാക്കിയ ക്ഷീണത്തില്‍ നിന്നു രക്ഷപ്പെടാനാണെന്നു കരുതാം. കിരോരി ലാല്‍ മീണയെ സ്വന്തം പാളയത്തിലെത്തിച്ചു രാജ്യസഭാ സീറ്റു നല്‍കിയത് ഇതു മുന്നില്‍ക്കണ്ടാണ്. കോണ്‍ഗ്രസ് രജ്പുത്-ഗുജ്ജാര്‍ സമൂഹത്തെ കൂടെനിര്‍ത്താനുള്ള ശ്രമത്തിലാണ്. ജാട്ട് വിഭാഗത്തിലേക്കു ശ്രദ്ധയൂന്നിയ രാജെ, രജ്പുത്രരുടെ കോണ്‍ഗ്രസ് പ്രവേശത്തിന് ആക്കം കൂട്ടി. ജാട്ട് നേതാവായ സ്വതന്ത്ര എം.എല്‍.എ ഹനുമാന്‍ ബേനിവാള്‍ തിവാരിക്കൊപ്പം കൂടിയാല്‍ മൂന്നാംമുന്നണി ശക്തിപ്പെടും.
തിവാരിയെ മടക്കിക്കൊണ്ടുവരാന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ലെങ്കില്‍ രാജസ്ഥാനില്‍ ചരിത്രത്തിലെ ആദ്യ ത്രികോണ മത്സരം നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലായിരുന്നു.
മൂന്നാംമുന്നണി സ്വപ്നം കണ്ടു പലരും മുന്‍പു രംഗത്തിറങ്ങിയിരുന്നെങ്കിലും അതെല്ലാം വിഫലമായിരുന്നു. തിവാരിയുടെ പുറപ്പാട് വ്യത്യസ്തമാണ്. ബി.ജെ.പിയുടെ ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ തിവാരിക്കാവുമെന്നാണു റിപ്പോര്‍ട്ടുകള്‍. എങ്കില്‍ രാജസ്ഥാന്‍ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറും.
അധികാരത്തര്‍ക്കം
വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായ അന്നുതൊട്ടു തിവാരിക്കു നീരസമുണ്ടായിരുന്നു. അവരുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പദ്ധതികളും അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല.
സാധാരണക്കാരെ വിലവയ്ക്കാത്ത അവരുടെ പ്രവര്‍ത്തനം ദേശീയ തലത്തിലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും വസുന്ധരയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ല. പാര്‍ട്ടി നേതാക്കളെയും എം.എല്‍.എമാരെയും അടക്കി ഭരിക്കുന്ന വസുന്ധര, അമിത്ഷായുടെ പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ജോധ്പൂര്‍ എം.പി ഗജേന്ദ്ര സിങ് ശെഖാവത്തിനെ തഴഞ്ഞാണു സംസ്ഥാന ബി.ജെ.പി അധ്യക്ഷനെ തെരഞ്ഞെടുത്തത്. അമിത് ഷാ അതു വകവച്ചുകൊടുത്തതു കോണ്‍ഗ്രസ് പ്രസിഡന്റും ശികാര്‍ നേതാവുമായ അശോക് ഗെലോട്ടിനെ നേരിടാന്‍ അതിലൂടെ കഴിയുമെന്നു കണ്ടാണ്. ബി.ജെ.പി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗം എം.എല്‍ സെയ്‌നി, ശികാര്‍ സമുദായാംഗവും ഒ.ബി.സി നേതാവുമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അമിത്ഷായുടെ അടുപ്പക്കാരനുമായ മത്തൂറിന്റെ ഉറ്റചങ്ങാതിയാണ്. അതോടെ വസുന്ധരയ്ക്കു ഒരു കാര്യം ബോധ്യമായി, രാജസ്ഥാന്റെ ചരട് ഷായുടെ കൈയിലാണ്. അടുത്ത മുഖ്യമന്ത്രിയെ ഷാ നിശ്ചയിക്കും.
കോണ്‍ഗ്രസിന്റെ ഗുജറാത്ത് മോഡല്‍
നല്ലൊരു മത്സരത്തിനു ത്രാണിയില്ലാത്ത അവസ്ഥയിലാണു കോണ്‍ഗ്രസ്. എങ്കിലും, ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായ നേട്ടം മറ്റൊരു വഴിക്കു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്. ബി.ജെ.പിയെ കോണ്‍ഗ്രസല്ല, ഗുജറാത്തിലെപ്പോലെ സമുദായനേതാക്കളും സാമൂഹ്യ സംഘടനകളും മറ്റുമാണു നേരിടുകയെന്നാണു കഴിഞ്ഞദിവസം രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍പൈലറ്റ് പറഞ്ഞത്.
കര്‍ഷക സംഘടനകളെയും സന്നദ്ധ സംഘടനകളെയും ഇക്കൂട്ടത്തില്‍ പെടുത്തുന്നുണ്ട്. ബി.ജെ.പിയില്‍ നിന്നു രാജെയോട് അതൃപ്തിയുള്ളവര്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലും, ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിനു തളികയില്‍ വച്ചു നീട്ടിയ വിജയമാണു സച്ചിനു മാതൃകയായുള്ളത്.
തിരിയുന്ന രാഷ്ട്രീയം
രാജസ്ഥാന്‍ ബി.ജെ.പിയുടെ തട്ടകമെന്ന ഖ്യാതി അകലുകയാണെന്നാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധവികാരം അലയടിക്കുന്ന രാജസ്ഥാനില്‍ അടുത്തിടെ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടായ പരാജയം അതു ശരിവയ്ക്കുന്നു. ഉപതെരഞ്ഞെടുപ്പു നടന്ന ആല്‍വാര്‍, അജ്മീര്‍ സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ വിജയം ഈ ദിശയിലേക്കാണ്. മണ്ഡ്‌ലഗഢ് നിയമസഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു.
2019 ലെലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 സീറ്റുകള്‍ നേടണമെങ്കില്‍ ഇത്തവണ അവിടെ അധികാരത്തിലെത്തണമെന്നു ബി.ജെ.പിക്കറിയാം. ജയം കോണ്‍ഗ്രസിനായാല്‍ 2014നുശേഷം ആ പാര്‍ട്ടി ബി.ജെ.പിക്കെതിരേ നേടുന്ന ആദ്യ വിജയമാകും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതു രാഹുലിന് ഊര്‍ജം പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."