മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശം
തളിപ്പറമ്പ്: ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും തളിപ്പറമ്പിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. മരം കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. കാര്‍ഷിക വിളകളും നശിച്ചു.
മുയ്യം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ ബേബി വിനോദിന്റെ വീടിന്റെ ഓടുപാകിയ മേല്‍ക്കൂര രാത്രി പെയ്ത മഴയ്ക്കിടെ എത്തിയ ചുഴലിക്കാറ്റില്‍ നിലംപതിച്ചു. ചുമരിന്റെ ഭിത്തികളും തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് ബേബി വിനോദും കുടുംബവും വീട്ടിനകത്തുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചുഴലിക്കാറ്റിലും മഴയിലും കുപ്പം ചുടല വളവില്‍ ദേശീയപാതയില്‍ മരങ്ങള്‍ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പൂമംഗലം ആലയാട് റബര്‍ മരം കടപുഴകി വീണ് മാധ്യമപ്രവര്‍ത്തകനായ റിയാസ് കെ.എം.ആറിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. കുളിമുറിയുടെ മേല്‍ക്കൂരക്ക് മുകളിലാണ് മരം വീണത്. ഈ സമയം വീടിനകത്ത് മൂന്നുപേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.
മഴൂര്‍ സ്‌കൂളിന് സമീപം റോഡരികിലെ മരം തൊട്ടടുത്ത വീട്ടിലേക്ക് കടപുഴകി വീണ്് ചവനപ്പുഴ ഗവ. എല്‍.പി സ്‌കൂളിലെ പ്യൂണ്‍ ശിവരാമകൃഷ്ണ അയ്യരുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ ആള്‍താമസമില്ലായിരുന്നു.
തെങ്ങ് പൊട്ടി വീണ് കുറുമാത്തൂര്‍ പൊക്കുണ്ടിലെ പനച്ചിക്കല്‍ സതിയയുടെ വീടിന്റെ സണ്‍ഷൈഡ് തകര്‍ന്നു. ഓടും പൈപ്പും പൊട്ടിയിട്ടുമുണ്ട്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജാനകിയുടെ മുയ്യത്തെ വീട്ടുപറമ്പിലെ എട്ട് റബര്‍ മരങ്ങള്‍, പ്ലാവ് എന്നിവ നശിച്ചു. കനത്ത കാറ്റില്‍ അള്ളാംകുളത്തും പന്നിയൂരിലും വിവാഹപ്പന്തലുകളും തകര്‍ന്നു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. സംസ്ഥാനപാതയില്‍ കരിമ്പം ഇ.ടി.സി കിലക്കു സമീപം വന്‍മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പ് അഗ്നിശമനയെത്തി മരങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
പയ്യന്നൂര്‍: ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും ഉണ്ടായ കനത്ത മഴയിലും കാറ്റിലും പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ കോറോം പള്ളിത്തറയിലെ അരമന ജാനകിയുടെ ഓടിട്ട വീട് തെങ്ങ് കടപുഴകി വീണ് തകര്‍ന്നു. കോറോം-പങ്ങടം റോഡിലെ പെരിയാട്ട് വളപ്പില്‍ പാറുവിന്റെയും പാവൂര്‍ നാരായണന്റെയും വീടുകള്‍ തെങ്ങ് വീണ് തകര്‍ന്നു.
രാമന്തളി കുരിശ്മുക്കിലെ ചെക്കിക്കാട്ട് കൊമ്പന്‍കുളത്തില്‍ രാധാമണിയുടെ വീടിന്റെ മുന്‍വശം മരം വീണ് തകര്‍ന്നു. ശനിയാഴ്ച രാത്രിയുണ്ടായ കാറ്റില്‍ പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ തെക്കേവീട്ടില്‍ ചെറിയക്കുട്ടിയുടെ വീടിന്റെ മുന്‍വശം മരം കടപുഴകി വീണ് തകര്‍ന്നു. രാമന്തളി കുരിശ്മുക്കില്‍ വാഴ, കവുങ്ങ്, റബ്ബര്‍ തുടങ്ങി വ്യാപകമായ കൃഷി നാശം സംഭവിച്ചു. പലയിടങ്ങളിലും മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.
ശ്രീകണ്ഠപുരം: ശനിയാഴ്ച രാത്രിയും ഇന്നലെയും മലയോരത്തുണ്ടായ കനത്ത കാറ്റിലും മഴയിലും മലയോര മേഖലയില്‍ വന്‍ നാഷ്ടം. ഗതാഗത തടസവും ഉണ്ടായി. ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഇരിക്കൂര്‍ കെ.എസ്.ഇ.ബി സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മിക്ക സ്ഥലത്തും മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം നിലച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഫീഡറുകള്‍ ഓണ്‍ ചെയ്യാന്‍ സാധിച്ചെങ്കിലും വൈദ്യുതി ബന്ധം പുര്‍ണമായി പുനസ്ഥാപിക്കാന്‍ രണ്ടുദിവസം കൂടി വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
ശ്രീകണ്ഠപുരത്തും പരിസര പ്രദേശങ്ങളിലും പല സ്ഥലത്തും മരങ്ങള്‍ പൊട്ടിവീണ് വീടുകള്‍ തകരുകയും കൃഷി നാശവും ഉണ്ടായി. വളക്കൈയിലെ സുരേന്ദ്രന്റെ വീടിന് മുകളില്‍ മരം പൊട്ടിവീണ് വീടിന്റെ പാരപ്പറ്റ് തകര്‍ന്നു.
ചൂളിയാട് താഴെ ചിറയിലെ പുഷ്പന്റെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അടുവാപ്പുറത്തെ പി.കെ ഓമനയുടെ വീടിനു മുകളില്‍ പ്ലാവ് വീണ് വീട് തകര്‍ന്നു. അടിച്ചേരിയിലെ ഷൗക്കത്തിന്റെ വീടിന്റെ സണ്‍സൈഡില്‍ മരം പൊട്ടിവീണ് കോണ്‍ക്രീറ്റ് അടര്‍ന്നു. അടുവാപ്പുറത്തെ വിശ്വക്‌സേനന്റെ വീടിന് മുകളില്‍ തേക്ക് പൊരിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു.
സംസ്ഥാന പാതയില്‍ നെടുമുണ്ട, നെടുവാലൂര്‍, ചേരന്‍മൂല എന്നിവിടങ്ങില്‍ മരം റോഡിലേക്ക് പൊട്ടിവീണ് ഗതാഗത തടസമുണ്ടാകുകയും വൈദ്യുതി ബന്ധും നിലക്കുകയും ചെയ്തു. പല സ്ഥലത്തും റബര്‍ മരങ്ങള്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും ശനിയാഴ്ച രാത്രിയുണ്ടായ ശകതമായ കാറ്റില്‍ പൊട്ടിവീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി.
ചെങ്ങളായി അരിമ്പ്ര മൃഗാശുപത്രി റോഡിലെ വി.വി മുസ്തഫ, കണ്ണന്‍, പാലിശ്ശേരി നാരായണന്‍, അബൂബക്കര്‍ എന്നിവരുടെ തോട്ടത്തിലെ റബര്‍ മരങ്ങള്‍ പകുതിയിലധികം നശിച്ചു. നൂറ് കണക്കിന് മരങ്ങളാണ് ഇവിടങ്ങളില്‍ നശിച്ചത്. ഇന്നലെ നടന്ന പല വിവാഹവേദികളിലേയും പന്തല്‍ പാറിപ്പോയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."