ന്യൂനമര്‍ദം ഇന്ന് രൂപപ്പെട്ടേക്കും; അഞ്ചു ജില്ലകളില്‍ അതിജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കു കാരണമാകുംവിധത്തില്‍ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഇന്ന് രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച്ചവരെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച്ച നിലവില്‍ ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍ക്കു പുറമേ എറണാകുളത്തും ഇടുക്കിയിലും കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും നല്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം നാലുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാനും ചുഴലിക്കാറ്റാകാനും സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ദക്ഷിണ ചൈനാ കടലില്‍ രൂപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നു മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."