എന്‍.എച്ച് വികസനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്: വയല്‍കിളികള്‍
കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ മറവിലും സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി വയല്‍കിളികളും ഐക്യദാര്‍ഢ്യ സമിതിയും രംഗത്ത്. ബദല്‍ സാധ്യതാപഠനം നടത്താനും സി.എ.ജിക്കു പോലും നല്‍കാതെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഭാരാവാഹികള്‍ ആവശ്യപ്പെട്ടു.
2010ല്‍ ട്രാന്‍സ്റ്ററി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ഒ.ജെ.എസ്.സി എന്ന റഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനു തലപ്പാടി മുതല്‍ കണ്ണൂര്‍ വരെയുള്ള ദേശീയപാതാ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനും നിര്‍മാണത്തിനുമായുള്ള കരാര്‍ നല്‍കിയിരുന്നു. ഇതിന്റെ മേല്‍നോട്ട ചുമതല സി.ഡി.എം സ്മിത്ത് ഇന്‍ അസോസിയേഷന്‍ വിത്ത് വില്‍ബര്‍ സ്മിത്ത് എന്ന ഇന്‍ഡോ-അമേരിക്കന്‍ കമ്പനിക്കും നല്‍കി.പിന്നീടു കരാറുകളുടെ പുരോഗതിയെക്കുറിച്ചു വിവരമില്ല. കരാര്‍ ഏറ്റെടുത്ത ട്രാന്‍സ്റ്ററി കമ്പനിയുടെ കിട്ടാക്കടം 8217 കോടി രൂപയായി കഴിഞ്ഞ ജനുവരിയില്‍ ഉയര്‍ന്നിട്ടുണ്ട്. ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലില്‍ പുരോഗമിക്കുകയാണെന്നു വയല്‍കിളി ഐക്യദാര്‍ഡ്യ സമിതിയംഗം നോബിള്‍ എം. പൈകട വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ കരാറുകള്‍ നിലനില്‍ക്കെയാണ് 2015 ഓഗസ്റ്റില്‍ തലപ്പാടി-വെങ്ങളം ദേശീയപാതാ 66ന്റെ നാലുവരിപാതാ വികസന സാധ്യതാ പഠനത്തിനു ലോകബാങ്ക് വിലക്കിയ കമ്പനിയായ ഏയ്‌കോം ഏഷ്യയുമായി 2016ല്‍ കരാര്‍ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."