വീട് പൂര്‍ണമായും കത്തി നശിച്ച് നിസഹായനായി താജുദ്ദീന്‍
പാലക്കാട്: അടുക്കളയിലെ പാചകവാത സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ച് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയാതെ നിസഹായനായി സുമനസ്സുകളുടെ കനിവിനായി കാത്ത് നില്‍ക്കുകയാണ് താജുദ്ദീന്‍. ഒരു മാസം മുമ്പാണ് താജുദ്ദീന്റെ വീട് പൂര്‍ണമായും അഗ്നിഗോളങ്ങള്‍ക്കിരയായത്.ധരിച്ച വസ്ത്രങ്ങള്‍ ഒഴികെ വീട്ടിനുള്ളില്‍ സൂക്ഷിച്ച് വച്ചിരുന്ന സ്വര്‍ണാഭരണം ഉള്‍പ്പെടെ എല്ലാം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലായി. ആലത്തൂര്‍ കാവശ്ശേരി പത്തനാപുരം സ്വദേശിയായ താജുദ്ദീന്റെ വീട് രണ്ട് വര്‍ഷം മുമ്പ് ഇടി മിന്നലില്‍ തകര്‍ന്നതാണ്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ച രണ്ട് മുറികളുള്ള തകര ഷെഡിലാണ് താമസിച്ചിരുന്നത്. ഈ വീടാണ് ഇപ്പോള്‍ നശിച്ചിരിക്കുന്നത്്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. വീടിന്റെ പുനര്‍നിര്‍മാണത്തിനായ കരുതിവെച്ചിരുന്ന അരലക്ഷം രൂപയും കത്തി നശിച്ചവയില്‍പെടുന്നു. പാചക ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് ഭാര്യ റയ്ഹാന വീടിന്റെ പുറത്തും മൂന്ന് മക്കള്‍ സ്‌കൂളുകളില്‍ പോയതിനാലും വന്‍ദുരന്തം ഒഴിവായി. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടു. പാലക്കാടിനു സമീപം ഒരു പള്ളിയില്‍ ചെറിയ വേതനത്തിന് സഹായിയായി ജോലി ചെയ്യുകയാണ് പ്രമേഹ, അപസ്മാര രോഗങ്ങളുടെ ദുരിതം പേറുന്ന താജുദ്ദീന്‍. വീട് പണിക്ക് വേണ്ടി തയ്യാറായി നില്‍ക്കവെയാണ് ഈ നിര്‍ധന കുടുംബത്തിന് വന്ന ദുരന്തം മുന്നില്‍ വന്ന് പെട്ടത്. നിലവില്‍ അയല്‍വാസിയായ ഒരു സുമനസിന്റെ ദയാവായ്പില്‍ ഒരു മുറിയില്‍ താമസിക്കുകയാണ് ഇവര്‍. തനിക്കും കുടുംബത്തിനും കയറിക്കിടക്കാവുന്ന സ്വന്തമായ മേല്‍ക്കുര എന്ന അഭിലാഷം സാക്ഷാത്കരിക്കാന്‍ ദയാ മനസുകളുടെ ആര്‍ദ്രതക്ക് കാത്തു നില്‍ക്കുകയാണ് അതിനായി ആലത്തൂര്‍ കനറാ ബാങ്കില്‍ അക്കൗണ്ട് അരംഭിച്ചിട്ടുണ്ട്. എക്കൗണ്ട് നമ്പര്‍: 0739108033732 ഐ.എഫ്.എസ്.സി കോഡ്: സി.എന്‍.ആര്‍.ബി0000739 മൊബൈല്‍ :7560832669
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."