പാതയോര മദ്യക്കച്ചവടം; മുഖ്യമന്ത്രിക്ക് സുധീരന്റെ വക്കീല്‍ നോട്ടിസ്
തിരുവനന്തപുരം: ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ സംബന്ധിച്ച സുപ്രിം കോടതി വിധി അട്ടിമറിക്കുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വക്കീല്‍ നോട്ടിസയച്ചു.
കോടതി ഉത്തരവ് ലംഘിക്കുന്നത് തുടരുകയാണെങ്കില്‍ മറ്റൊരറിയിപ്പില്ലാതെ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ടുപോകുമെന്നും അഭിഭാഷകന്‍ കാളീശ്വരം രാജ് മുഖേന അയച്ച നോട്ടിസില്‍ പറയുന്നു. മുഖ്യമന്ത്രിക്കു പുറമെ ചീഫ് സെക്രട്ടറി, എക്‌സൈസ് വകുപ്പു സെക്രട്ടറി,എക്‌സൈസ് കമ്മിഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, നാഷനല്‍ ഹൈവേ ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
രാജ്യത്തെങ്ങും ദേശീയ,സംസ്ഥാന ഹൈവേകള്‍ക്കരികിലുള്ള മദ്യവില്‍പനശാലകളുടെ ലൈസന്‍സ് കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം പുതുക്കിക്കൊടുക്കരുതെന്ന സുപ്രിം കോടതി വിധി നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.
ചില്ലറവില്‍പന ശാലകള്‍ക്കു പുറമെ ബാര്‍ ഹോട്ടലുകള്‍, മദ്യം വിളമ്പുന്ന റെസ്റ്റോറന്റുകള്‍, ബിയര്‍- വൈന്‍ പാര്‍ലറുകള്‍ എന്നിവയ്‌ക്കെല്ലാം ഇതു ബാധകമാണെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1956 സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പലതും വീണ്ടും തുറന്നു. പാതകളുടെ നില സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ കോടതിക്കു മുന്‍പാകെ ബന്ധപ്പെട്ടവര്‍ ഹാജരാക്കാതിരുന്നതുകൊണ്ടാണ് തല്‍പരകക്ഷികള്‍ക്ക് ഈ വിധി സമ്പാദിക്കാനായത്.
മിക്ക ജില്ലകളിലും ദേശീയപാതകള്‍ ഇപ്പോള്‍ അതല്ലാതായാണ് പരിഗണിക്കപ്പെടുന്നത്. സുപ്രിം കോടതി വിധി തകിടംമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."