വോട്ട്സന്ദേശം വിവാഹ ക്ഷണക്കത്തിലൂടെ; ആശംസകളുമായി ജില്ലാ കലക്ടര്‍
കൊല്ലം: പുതുജീവിതത്തിലേക്കുള്ള സാര്‍ഥകമായ ചുവടുവയ്പിന് സ്നേഹാശംസകളുമായി ജില്ലാ കലക്ടര്‍. വിവാഹ ക്ഷണക്കത്തില്‍ തെരഞ്ഞെടുപ്പ് സന്ദേശമൊരുക്കിയാണ് ഇബ്രാഹിംകുട്ടി-ആരിഫബീവി ദമ്പതികളുടെ മകന് നിയാസ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.
'എന്റെ ഇന്ത്യ, എന്റെ കൊല്ലം ഞാന്‍ വോട്ട് ചെയ്യും, ഞാന്‍ ഇലക്ഷന് കമ്മിഷനൊപ്പം' എന്നെഴുതിയാണ് ക്ഷണക്കത്ത് ഒരുക്കിയത്. ജനാധിപത്യ ശാക്തീകരണത്തിന് നല്കിയ പിന്തുണ മാതൃകാപരമാണെന്ന് ആശംസയര്‍പ്പിക്കാന്‍ എത്തിയ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് പറഞ്ഞു. സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതിനായി നടത്തിയ ചുവടുവയ്പ്പിന് തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ് തയാറാക്കിയ ഉപഹാരം കലക്ടര്‍ ദമ്പതികള്‍ക്ക് സമ്മാനിച്ചു.
വെറ്റമുക്ക് എഫ്.കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫിസര്‍ വി. സുദേശന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."