തെരുവുനായയുടെ കടിയേറ്റ രണ്ടര വയസുകാരിക്ക് 5,000 രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് തെരുവുനായയുടെ കടിയേറ്റ രണ്ടര വയസുകാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5000 രൂപ താല്‍ക്കാലിക ധനസഹായം അനുവദിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജെ.ബി.കോശി പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അടൂര്‍ നഗരസഭയും നഷ്ടപരിഹാരം നല്‍കണം.
രാകേഷിന്റെ മകള്‍ അനുഗ്രഹയെ പനി ബാധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് തെരുവുനായ കടിച്ചത്. കുഞ്ഞിന്റെ കൈയിലും വാരിയെല്ലിലും നായ കടിച്ചു പറിച്ചു. തടയാനെത്തിയ രാകേഷിനെയും കടിച്ചു. അടൂര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയപ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്ന് മറുപടി നല്‍കിയതായി കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
അനുഗ്രഹയുടെ പിതാവ് രാകേഷ് ദിവസവേതനക്കാരനാണ്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് മൂന്നാഴ്ച ജോലിയ്ക്കു പോകാനായില്ലെന്നും പരാതിയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."