പന്നിമറ്റം -നാളിയാനി- കുളമാവ് റോഡ് യാഥാര്‍ഥ്യമാകാന്‍ വഴിയൊരുങ്ങി
തൊടുപുഴ: വെളളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുമരകം- കമ്പം സംസ്ഥാന ഹൈവേയുടെ നിര്‍മാണം ഹൈക്കോടതി ഇടപെടലിലൂടെ പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയതായി തദ്ദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പന്നിമറ്റം -നാളിയാനി- കുളമാവ് വഴി കടന്നുപോകുന്നതാണ് നിര്‍ദ്ദിഷ്ടപാത.
ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ള റോഡ് പ്രദേശവാസികളുടെ ശ്രമഫലമായി 2000-2001 വര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പണി ആരംഭിച്ചിരുന്നു. കുറേ നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് വനംവകുപ്പ് തടസവാദവുമായെത്തിയത്. ഇതിനിടെ കാലവര്‍ഷക്കെടുതിയില്‍ മുന്നൂറ് മീറ്ററോളം റോഡ് ഒലിച്ച് പോയി. ഒലിച്ച് പോയ'ഭാഗം പുനര്‍നിര്‍മിക്കുന്നതിന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 1.17 കോടി രൂപ അനുവദിച്ചു. എന്നാല്‍, നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ വനംവകുപ്പ് വീണ്ടും തടസം ഉന്നയിച്ചു. ഈ ഘട്ടത്തിലാണ് പ്രദേശവാസികളായ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വനം- പൊതുമരാമത്ത് വകുപ്പുകള്‍ തമ്മിലെ തര്‍ക്കം ചീഫ് സെക്രട്ടറി ഇടപെട്ട് മൂന്നുമാസത്തിനകം പരിഹരിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നേറി. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി തീരുമാനവുമെടുത്തു. റോഡിന് ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരമായി ദേവികുളം വില്ലേജില്‍ കീഴാന്തൗൂര്‍ വില്ലേജില്‍ 7.8 ഹെക്ടര്‍ സ്ഥലം വനംവകുപ്പിന് നല്‍കാനും തീരുമാനമായി. ഇതോടെയാണ് റോഡ് യാഥാര്‍ത്ഥ്യമാവുന്നതിന് വഴിയൊരുങ്ങിയതെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
വി കെ മോഹനന്‍, എം ഡി ദേവദാസ്, വി കെ രാമകൃഷ്ണന്‍, പി പ്രഭാകരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."