വാട്സണ് ഇഫക്ടില്‍ ചെന്നൈ
ചെന്നൈ: ഷെയ്ന് വാട്സണിന്റെ ബാറ്റിങ് മികവില്‍ ഹൈദരാബാദിനെതിരേ ചെന്നൈയ്ക്ക് ആറു വിക്കറ്റിന്റെ വിജയം. 53 പന്തില്‍ 96 റണ്‍സ് നേടിയ വാട്സണാണ് കളിയിലെ താരം. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടിയ 175 റണ്‍സ് ഒരു ബോള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറിക്കടക്കുകയായിരുന്നു.
കെയ്ന്‍ വില്യംസണ് പകരക്കാരനായി ടീമിലെത്തിയ മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാര്‍ണറിന്റെയും അര്‍ധ സെഞ്ചുറിയുടെ മികവില്‍ ചെന്നൈക്കെതിരേ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍. 49 പന്ത് നേരിട്ട മനീഷ് ഏഴ് ഫോറും മൂന്ന് സിക്സും സഹിതം പുറത്താവാതെ 83 റണ്‍സ് നേടി. സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിയാതെവന്ന ഹൈദരാബാദിന് വേണ്ടി മനീഷ് പാണ്ഡെ - ഡേവിഡ് വാര്‍ണര്‍ സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.
115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ പൂജ്യത്തിനു നഷ്ടമാകുമ്പോള്‍ വെറും അഞ്ച് റണ്‍സാണ് സണ്‍റൈസേഴ്സ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡേയും ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കണ്ടത്. 14ാം ഓവറില്‍ ഹര്‍ഭജനെ കയറിയടിക്കാന്‍ ശ്രമിച്ച വാര്‍ണറെ സ്റ്റംപ് ചെയത് ധോണിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 45 പന്തില്‍ 57 റണ്‍സാണ് വാര്‍ണറുടെ സംഭാവന. വാര്‍ണര്‍ പുറത്താകുമ്പോള്‍ 13.3 ഓവറില്‍ 120 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടിയത്.
വാര്‍ണര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ വിജയ് ശങ്കറും റണ്‍സ് കണ്ടെത്തിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ സണ്‍റൈസേഴ്സ് 47 റണ്‍സ് നേടി. 26 റണ്‍സ് നേടിയ വിജയ് ശങ്കറുടെ വിക്കറ്റ് ദീപക് ചഹാറിനാണ് ലഭിച്ചത്. ചെന്നൈക്ക് വേണ്ടി ഹര്ഭജന് സിങ് രണ്ടും ദീപക് ചഹര്‍ ഒന്നും വിക്കറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."