ഇന്ത്യാ വിഭജനത്തിന് വിത്തുപാകിയതാര്
ഇന്ത്യയുടെ വിഭജനത്തിനു കാരണമായതു മുസ്‌ലിം ലീഗെന്ന വൈറസ് ആണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന, വിഭജനത്തെക്കുറിച്ചുള്ള അവസാനിക്കാത്ത വിവാദത്തിനു വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നു. ഈ പ്രസ്താവന കേട്ടപ്പോള്‍ ഓര്‍മവന്നത് മൗലാനാ അബുല്‍ കലാം ആസാദ് 'ഇന്ത്യ വിന്‍സ് ഫ്രീഡം' എന്ന കൃതിയില്‍ പറയുന്ന ഒരു കാര്യമാണ്.
1947 ജൂണ്‍ 14നു ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തില്‍ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ഇന്ത്യാവിഭജനത്തിന് അംഗീകാരം നല്‍കുന്ന പ്രമേയം അവതരിപ്പിച്ചു. നെഹ്‌റുവും പട്ടേലും അതിനെ പിന്താങ്ങി. ആസാദ് എതിര്‍ത്തു.
അതിനെക്കുറിച്ച് ആസാദ് ഇങ്ങനെ എഴുതുന്നു: 'ഈ മഹാദുരന്തത്തിനിടയിലും ഒരു തമാശയുണ്ടായിരുന്നു. ദേശീയവാദികളായി ചമഞ്ഞ, എന്നാല്‍ കടുത്ത വര്‍ഗീയകാഴ്ചപ്പാടുള്ള ഒരു വിഭാഗം കോണ്‍ഗ്രസിലുണ്ടായിരുന്നു. ഇന്ത്യക്ക് ഏകീകൃത സംസ്‌കാരമില്ലെന്നും കോണ്‍ഗ്രസ് എന്തുതന്നെ പറഞ്ഞാലും ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സാമൂഹ്യജീവിതം വ്യത്യസ്തമാണെന്നും അവര്‍ വാദിച്ചു. പുരുഷോത്തം ദാസ് ടാണ്ഠനായിരുന്നു ഈ യാഥാസ്ഥിതിക വിഭാഗത്തിന്റെ മുന്‍നിര വക്താവ്.
എന്നാല്‍, ആ വേദിയില്‍ അദ്ദേഹം എല്ലാവരെയും അമ്പരപ്പിക്കുംവിധം ദേശീയൈക്യത്തിന്റെ വക്താവായി പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ ദേശീയവും സാംസ്‌കാരികവുമായ ജീവിതം വിഭജിക്കപ്പെടാന്‍ പാടില്ലെന്നു വാദിച്ച് ടാണ്ഠന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. അദ്ദേഹത്തിന്റെ നിലപാടിനോടു ഞാന്‍ യോജിച്ചു. അദ്ദേഹം അപ്പോള്‍ പറഞ്ഞതു സത്യമായിരുന്നു. എന്നാല്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും അക്കാലംവരെയും വാദിച്ചുകൊണ്ടിരുന്നത് നേര്‍വിപരീതമായാണ്. പതിനൊന്നാം മണിക്കൂറില്‍ ടാണ്ഠന്‍ അവിഭക്ത ഇന്ത്യക്കായി അലമുറയിട്ടത് വിചിത്രമായി തോന്നി.'
പുരുഷോത്തം ദാസ് ടാണ്ഠന്‍ പ്രദര്‍ശിപ്പിച്ച അതേ കാപട്യമാണിപ്പോള്‍ യോഗി ആദിത്യനാഥ് കാണിക്കുന്നത്. ദ്വിരാഷ്ട്രവാദത്തിനും ഇന്ത്യാവിഭജനത്തിനും വേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയത് സംഘ്പരിവാര്‍ പ്രതിനിധീകരിക്കുന്ന ചിന്താധാരയുടെ ആദ്യപഥികരായ ഹിന്ദുമഹാസഭയും വലതുപക്ഷ ഹിന്ദുനേതാക്കളും തന്നെയാണ്. അതു കണക്കിലെടുക്കാതെ അവര്‍ അഖണ്ഡഭാരതത്തിന്റെ വക്താക്കളായിചമയുന്നത് ചരിത്രവസ്തുതകളെക്കുറിച്ചുളള അജ്ഞതകൊണ്ടോ കാപട്യം കൊണ്ടോ ആണ്.
ആര്‍.സി മജൂംദാര്‍ 'ഹിസ്റ്ററി ഓഫ് ദ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ'എന്ന കൃതിയില്‍, മുഹമ്മദ് അലി ജിന്നക്കും അരനൂറ്റാണ്ടു മുന്‍പ് ബംഗാളിലെ ഹിന്ദു നവജാഗരണവാദിയായിരുന്ന നബ ഗോപാല്‍ മിത്ര ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചിരുന്നുവെന്നു പ്രസ്താവിക്കുന്നുണ്ട്. ഹിന്ദുവലതുപക്ഷം ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണു സര്‍വേന്ത്യാ മുസ്‌ലിം ലീഗ് ഈ ആശയം ഏറ്റെടുത്തതെന്നു പ്രൊഫ. ശംസുല്‍ ഇസ്‌ലാം 'മുസ്‌ലിംസ് എഗെയ്ന്‍സ്റ്റ് പാര്‍ട്ടിഷന്‍ ഓഫ് ഇന്ത്യ' എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബംഗാളിലെ ഹിന്ദു ദേശീയവാദികളാണ് ആദ്യമായി ദ്വിരാഷ്ട്രവാദം ഉയര്‍ത്തുന്നത്. അരബിന്ദോ ഘോഷിന്റെ പിതാമഹനായ രാജ് നാരായണ്‍ ബസുവും ശിഷ്യന്‍ നബ ഗോപാല്‍ മിത്രയുമാണു ഹിന്ദു ദേശീയവാദത്തിന്റെയും ദ്വിരാഷ്ട്രവാദത്തിന്റെയും പിതാക്കളെന്നു ശംസുല്‍ ഇസ്‌ലാം പ്രസ്താവിക്കുന്നു. ഹിന്ദു നാഗരികതയുടെയും ജാതിവ്യവസ്ഥയുടെയും ശ്രേഷ്ഠതയില്‍ വിശ്വസിച്ച രാജ്‌നാരായണ്‍ ബസു, ഹിന്ദു മഹാസഭയുടെ പൂര്‍വരൂപമായ ഭാരത് ധര്‍മ മഹാമണ്ഡലിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചയാളാണ്.
ഇന്ത്യയില്‍ ആര്യരാഷ്ട്രം സ്ഥാപിക്കുകയെന്നതായിരുന്നു ഭാരത് ധര്‍മ മഹാമണ്ഡലിന്റെ ലക്ഷ്യം. നബ ഗോപാല്‍ മിത്ര ബ്രാഹ്മണിക്കല്‍ ഹിന്ദു സംസ്‌കാരത്തിന്റെ ഔന്നത്യം ഉദ്‌ഘോഷിക്കാന്‍ ഹിന്ദുമേളകള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ദേശീയൈക്യത്തിന്റെ ആധാരം ഹിന്ദുമതമാണെന്നാണു മിത്ര വാദിച്ചത്. ഇന്ത്യയിലെ മുസ്‌ലിംകളും ഹിന്ദുക്കളും വ്യത്യസ്ത ദേശങ്ങളാണെന്ന വാദം ആര്യസമാജ് ഉന്നയിച്ചു. ആര്യ സാമാജിന്റെയും ഹിന്ദു മഹാസഭയുടെയും നേതാവായിരുന്ന ഭായ് പരമാനന്ദ് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ചരിത്രപരമായ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.
മുസ്‌ലിംകള്‍ വൈദേശിക മതം പിന്തുടരുന്നതിനാല്‍ അവര്‍ മറ്റൊരു ദേശമാണെന്നു ഭായ് പരമാനന്ദ് വാദിച്ചു. ഹിന്ദുക്കള്‍ മണ്ണിന്റെ മക്കളും മുസ്‌ലിംകള്‍ അന്യരുമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിന്ധിനപ്പുറമുള്ള വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യ അഫ്ഗാനിസ്ഥാനുമായി ലയിപ്പിച്ചു മുസ്‌ലിംരാഷ്ട്രം രൂപീകരിക്കണമെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ അങ്ങോട്ടു കുടിയേറണമെന്നും ഭായ് പരമാനന്ദ്, 1908 ല്‍ 'ദ് സ്റ്റോറി ഓഫ് മൈ ലൈഫ് 'എന്ന ആത്മകഥയില്‍ നിര്‍ദേശിച്ചു.
1899ല്‍ ഹിന്ദുസ്ഥാന്‍ റിവ്യൂവില്‍ എഴുതിയ ലേഖനത്തില്‍ ഹിന്ദു മഹാസഭയുടെയും ആര്യസമാജിന്റെയും നേതാവായിരുന്ന ലാല ലജ്പത് റായ്, ഹിന്ദുക്കള്‍ സ്വയമേവ ഒരു രാഷ്ട്രമാണെന്നു പ്രഖ്യാപിച്ചു. 1924 ഡിസംബര്‍ 14 നു 'ദ ട്രൈബ്യൂണ്‍' പത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം മതാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനമെന്ന ആശയം വ്യക്തമായി അവതരിപ്പിച്ചു.
'നാലു പ്രവിശ്യകള്‍ (വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പടിഞ്ഞാറന്‍ പഞ്ചാബ്, സിന്ധ്, കിഴക്കന്‍ ബംഗാള്‍) മുസ്‌ലിംകള്‍ക്കു നല്‍കണം ബാക്കി വരുന്ന പ്രവിശ്യകള്‍ ഹിന്ദുക്കള്‍ക്കും. ഇതൊരിക്കലും അവിഭക്ത ഭാരതമായിരിക്കില്ല.', ഇതായിരുന്നു ലജ്പത് റായിയുടെ നിര്‍ദേശം.
ആര്‍.എസ്.എസ് രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഹിന്ദു മഹാസഭ നേതാവ് ഡോ. ബി.എസ് മുഞ്ചേയാണു മുസ്‌ലിം ലീഗിന്റെ ലാഹോര്‍ പ്രമേയത്തിനും (1940) വളരെ മുമ്പ് ദ്വിരാഷ്ട്രവാദം ഉന്നയിച്ച മറ്റൊരു വ്യക്തി. 1923ല്‍ ഔധ് ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു:''ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതും ജര്‍മനി ജര്‍മന്‍കാരുടേതുമെന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുക്കള്‍ സംഘടിച്ചാല്‍ ബ്രിട്ടിഷുകാരെയും അവരുടെ ശിങ്കിടികളായ മുസ്‌ലിംകളെയും കീഴ്‌പെടുത്താം. ശുദ്ധി (മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുമതത്തിലേയ്ക്കുള്ള പരിവര്‍ത്തനം) യിലൂടേയും സംഘാധനി ( സംഘടന)ലൂടെയും ഹിന്ദുക്കള്‍ക്ക് അവരുടേതായ ലോകം സൃഷ്ടിക്കാം.''
കാണ്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന'പ്രതാപ് ' പത്രത്തില്‍ ഗദ്ദര്‍ പാര്‍ട്ടി നേതാവായിരുന്ന ലാല ഹര്‍ദയാല്‍ 1925 ല്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നു മാത്രമല്ല അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഹിന്ദുവത്കരിക്കണമെന്നു കൂടി ആവശ്യപ്പെട്ടു. 'ഹിന്ദുവംശത്തിന്റെ ഭാവി നാല് സ്തംഭങ്ങളിലാണു നിലകൊള്ളുന്നത്. ഹിന്ദു സംഘടന്‍, ഹിന്ദു രാജ്, ശുദ്ധി, അഫ്ഗാനിസ്ഥാനെ കീഴടക്കിയുള്ള ഹിന്ദുവത്കരണം എന്നിവയാണത്. ഹിന്ദു വംശത്തിന് ഏക ചരിത്രവും സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അന്യമായ മതമാണുള്ളത്. അവര്‍ പേര്‍ഷ്യന്‍, അറബ് , യൂറോപ്യന്‍ സ്ഥാപനങ്ങളെയാണു സ്‌നേഹിക്കുന്നത്. കണ്ണിലെ കരടു നീക്കുന്നതു പോലെ ശുദ്ധിയിലൂടെ ഈ രണ്ടു മതങ്ങളെ നീക്കം ചെയ്യണം.' ലാല ഹര്‍ദയാല്‍ പ്രസ്താവിച്ചു.
1923 ല്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍'ഹിന്ദുത്വ'എന്ന കൃതിയില്‍ ഇന്ത്യയില്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പുറന്തള്ളിക്കൊണ്ടുള്ള ഹിന്ദുരാഷ്ട്രമെന്ന ആശയം വ്യക്തതയോടെ അവതരിപ്പിച്ചു. 1937 ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ സവര്‍ക്കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു, ''മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരശത്രുതയോടെ ജീവിക്കുന്ന രണ്ടു രാഷ്ട്രങ്ങളാണ്. ഇന്ത്യ സ്വരച്ചേര്‍ച്ചയുള്ള രാഷ്ട്രമാണെന്നോ അങ്ങനെയാക്കാമെന്നോ ബാലസാഹജ സ്വഭാവമുള്ള ചില രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നുവെങ്കില്‍ തെറ്റാണ്. ഇന്ത്യയെ ഏകജാതീയ രാജ്യമായി സങ്കല്‍പ്പിക്കാനാവില്ല. രണ്ടു രാഷ്ട്രങ്ങളാണ് ഹിന്ദുക്കളും മുസ്‌ലിംകളും.''
1939 ല്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ 'വി ഓര്‍ ഔവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് 'എന്ന കൃതിയില്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒന്നുകില്‍ ഹിന്ദുസമൂഹത്തില്‍ ലയിക്കുകയോ വംശശുദ്ധീകരണത്തിനു വിധേയമാകുകയോ ചെയ്യണമെന്നാണു പ്രസ്താവിച്ചത്. നാസി ജര്‍മനിയില്‍ ജൂതന്മാരെ ചെയ്തതു പോലെയാണു ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യേണ്ടതെന്നു ഗോള്‍വാള്‍ക്കര്‍ വ്യക്തമായി പറഞ്ഞു.
ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദത്തിന്റെയും രാഷ്ട്രവിഭജനത്തിന്റെയും വിഷവിത്തു വിതച്ചതു ഹിന്ദുമഹാസഭയും ഹിന്ദു വലതുപക്ഷ നേതാക്കളുമാണ്. ഈ ആശയം പിന്നീട് സര്‍വേന്ത്യാ മുസ്‌ലിം ലീഗ് കടംകൊള്ളുകയായിരുന്നു. സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ 1940 ലെ ലാഹോര്‍ പ്രമേയത്തില്‍ പോലും സ്വതന്ത്ര മുസ്‌ലിം രാഷ്ട്രമെന്ന ആശയം അവതരിച്ചിട്ടില്ല. മറിച്ച്, മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ക്കു ബ്രിട്ടീഷിന്ത്യയില്‍ നിന്നുകൊണ്ട് പരമാവധി സ്വയംഭരണമെന്ന ആവശ്യമാണു മുന്നോട്ടുവച്ചത്.
ഈ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ ഇന്നത്തെ സംഘ് പരിവാര്‍ പ്രതിനിധീകരിക്കുന്ന ചിന്താധാരയുടെ ആദ്യപഥികര്‍ക്ക് ഇന്ത്യാ വിഭജനത്തിന്റെ പാപഭാരത്തില്‍ നിന്നു രക്ഷപ്പെടാനാവില്ലെന്നു വ്യക്തമാകുന്നു. ദ്വിരാഷ്ട്രവാദത്തിലും രാഷ്ട്രവിഭജനത്തിലും സര്‍വേന്ത്യാ മുസ്‌ലിം ലീഗിനു തുല്യമായ പങ്ക് അവര്‍ വഹിച്ചുവന്നതും ചരിത്രസത്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."