കോട്ടപ്പുറം ജലോത്സവം ഓര്‍മയിലെ ആരവത്തിലൊതുങ്ങും
കൊടുങ്ങല്ലൂര്‍(തൃശ്ശൂര്‍): ഇക്കുറി കാത്തിരപ്പുഴക്കരയില്‍ ആവേശത്തിന്റെ ആര്‍പ്പുവിളിയുയരില്ല. മുസിരിസിന്റെ ജല കവാടത്തില്‍ തുഴകള്‍ തിരയുയര്‍ത്തില്ല.
കൊവിഡിന്റെ കരിനിഴലില്‍ ഇക്കുറി കോട്ടപ്പുറം ജലോത്സവം ഓര്‍മയിലെ ആരവത്തിലൊതുങ്ങും.നാല് പതിറ്റാണ്ടിലധികം കാലം മധ്യകേരളത്തിലെ ജലോത്സവ പ്രേമികളുടെ മനസില്‍ ആവേശത്തിന്റെ തുഴയെറിഞ്ഞ കോട്ടപ്പുറം വള്ളംകളി ഇത്തവണ നടക്കില്ലെന്നുറപ്പായി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജലോത്സവം മാറ്റി വച്ചതായി കോട്ടപ്പുറം ബോട്ട് ക്ലബ് പ്രസിഡന്റ് സി.സി വിപിന്‍ ചന്ദ്രന്‍ പറഞ്ഞു. 1989 ല്‍ തുടക്കമിട്ട കോട്ടപ്പുറം വള്ളംകളി മധ്യകേരളത്തിലെ ഏറ്റവും ജന പങ്കാളിത്തമുള്ള ജലോത്സവമാണ്. ഇടക്കാലത്ത് ചുണ്ടന്‍ വള്ളങ്ങള്‍ വരെ കോട്ടപ്പുറത്ത് അണിനിരന്നിരുന്നു. ഇരുട്ടുകുത്തി വള്ളങ്ങളിലെ മുന്‍നിരക്കാര്‍ മത്സരിക്കുന്ന കോട്ടപ്പുറം ജലോത്സവം നാടിന്റെ സ്വന്തം ഉത്സവമാണ്.
ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കോട്ടപ്പുറം വള്ളംകളി ഇക്കുറിയില്ലെന്നത് ജലോത്സവ പ്രേമികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."