സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനമില്ല
ഇരിക്കൂര്‍: സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ജൂണ്‍ മുതല്‍ വേതന വിതരണം നിര്‍ത്തിവച്ചതോടെ തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബവും പ്രയാസത്തില്‍. ദീര്‍ഘനാളത്തെ ലോക്ക് ഡൗണും മറ്റു തൊഴില്‍ ഇല്ലാത്തതും ഇവരുടെ ദുരിതം കൂട്ടുകയാണ്. വേതന വിതരണം നിര്‍ത്തിവച്ച സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ പാചകത്തൊഴിലാളികളും തിരുവോണ നാളില്‍ സ്വവസതികളില്‍ ഉപവസിക്കാനാണ് തീരുമാനം.
സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് 2017 മുതലുള്ള വേതന വര്‍ധനവിന്റെ കുടിശികയും അനുവദിച്ച് ഉത്തരവായിട്ടും വിതരണം ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ല. ഓരോരുത്തര്‍ക്കം മിനിമം 30,000 രൂപ കുടിശ്ശികയായി കിട്ടാനുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളിയെ വച്ച് നിയമിക്കണമെന്നും ഇവരോടുള്ള അനീതി അവസാനിപ്പിക്കണമെന്നും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തതിലും ഇവര്‍ക്ക് പ്രതിഷേധമുണ്ട്.
ഓണത്തിന് ബോണസായി 1300 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന അവസ്ഥയിലും മിക്ക സ്ഥലങ്ങളിലെ ലോക്ക് ഡൗണ്‍ കാരണവും ഓണത്തിന് മുന്‍പ് കിട്ടുമോ എന്ന സംശയത്തിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."