ഗെയില്‍ പൈപ് ലൈന്‍: വീട്ടുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയില്ല
24 വീടുകളില്‍ സംഭവിച്ച കേടുപാടുകള്‍ പരിശോധിക്കാനോ നാശനഷ്ടങ്ങള്‍ വിലയിരുത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ കരാറുകാര്‍ തയാറായിട്ടില്ല
പെരിയ: മംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു പ്രകൃതി വാതകം കടത്തിക്കൊണ്ടു പോകുന്നതിനുവേണ്ടി സ്ഥാപിക്കുന്ന ഗെയില്‍ പൈപ് ലൈന്‍ വഴിയില്‍ സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് വിള്ളലുകള്‍ വീണ വീട്ടുടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയില്ല.
ഇതേ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച വീട്ടുടമകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ഒരുങ്ങുന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്,രണ്ടാം വാര്‍ഡ് എന്നിവയില്‍ ഉള്‍പ്പെടുന്ന 24 വീട്ടുടമകളെയും മറ്റുമാണ് പൈപ് ലൈന്‍ കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതര്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ പോലും സ്വീകരിക്കാതെ വട്ടം കറക്കുന്നതെന്നാണ് ആരോപണം.
ഏറെ ജനവാസമുള്ള ഭാഗത്തു കൂടി പൈപ് ലൈന്‍ കടത്തിക്കൊണ്ടു പോകാനുള്ള കരാറുകാരുടെ ശ്രമമാണ് ഈ ഭാഗത്ത് പുത്തന്‍ വീടുകള്‍ ഉള്‍പ്പെടെ നാല്‍പതിലധികം വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീഴാന്‍ ഇടയാക്കിയത്. അന്‍പതോളം വീടുകള്‍ തിങ്ങി നില്‍ക്കുന്ന കുണിയ കാനം പ്രദേശത്താണ് നിരോധിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പൈപ് ലൈന്‍ വഴിയില്‍ ഉണ്ടായിരുന്ന കൂറ്റന്‍ കരിങ്കല്‍പ്പാളികള്‍ തകര്‍ക്കാന്‍ കരാറുകാര്‍ ശ്രമം നടത്തിയത്.
സ്‌ഫോടനത്തില്‍ 40 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതില്‍ പകുതി വീടുകളുടെ ഉടമകള്‍ക്കു പോലും കരാറുകാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.
24 വീടുകളില്‍ സംഭവിച്ച കേടുപാടുകള്‍ ഇപ്പോഴും എന്‍ജിനീയറിങ് വിഭാഗത്തെ കൊണ്ട് പരിശോധന നടത്താനോ നാശനഷ്ടങ്ങള്‍ വിലയിരുത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ കരാറുകാര്‍ തയാറായിട്ടില്ല. ഇതേ തുടര്‍ന്ന് വീട്ടുടമകള്‍ ആശങ്കയിലാണ്. വിള്ളല്‍ വീണ വീടുകളില്‍ താമസിക്കുന്നത് തങ്ങള്‍ക്കും കുടുംബത്തിനും അപകട ഭീഷണി ഉയര്‍ത്തുന്നതായി വീട്ടുടമകള്‍ ചൂണ്ടിക്കാട്ടുന്നു. വീട് പുതുക്കി സുരക്ഷിതമാക്കണമെങ്കില്‍ കനത്ത തുക ആവശ്യമുള്ളതിനാല്‍ ഗെയില്‍ അധികൃതരുടെ നഷ്ടപരിഹാരവും കാത്തിരിപ്പാണ് മാസങ്ങളായി വീട്ടുടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."