ഭീകരതയ്ക്ക് സാമ്പത്തിക സഹായം; ഹാഫിസ് സഈദിന്റെ മൂന്ന് കൂട്ടാളികളെ പാകിസ്താന്‍ ജയിലിലടച്ചു
ലാഹോര്‍: ഭീകരതയ്ക്ക് സാമ്പത്തികസഹായം നല്‍കിയതിന്റെ പേരില്‍ മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വയുടെ മൂന്ന് മുതിര്‍ന്ന നേതാക്കളെ ജയിലിലടയ്ക്കാന്‍ പാക് ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു.
ഹാഫിസ് സഈദിന്റെ ഭാര്യാ സഹോദരനായ ഹാഫിസ് അബ്ദുറഹിമാന്‍ മക്കി, അബ്ദുസ്സലാം, സഫര്‍ ഇഖ്ബാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
അബ്ദുറഹിമാന്‍ മക്കിയെ ഒന്നര വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. മറ്റു രണ്ടുപേരെയും 16 വര്‍ഷത്തെ തടവിനും ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. സമാനമായ മറ്റൊരു കേസില്‍ ലാഹോര്‍ ഹൈക്കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയതായിരുന്നു ഇവര്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാഫിസ് സഈദിനെ ലാഹോറിലെ ഭീകരവിരുദ്ധ കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ്. പഞ്ചാബ് പൊലിസിലെ ഭീകരവിരുദ്ധ വകുപ്പ് ഹാഫിസ് സഈദിനും 23 കൂട്ടാളികള്‍ക്കുമെതിരേ 23 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ആറു അമേരിക്കക്കാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്‌കറെ ത്വയ്യിബയുടെ പോഷക സംഘടനയാണ് ജമാഅത്തുദ്ദഅ്‌വ. ആഗോളഭീകരനായി യു.എസ് മുദ്രകുത്തിയ ഹാഫിസ് സഈദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2008 ഡിസംബറില്‍ യു.എന്‍ രക്ഷാസമിതി ഇയാളെ ഭീകരനായി പ്രഖ്യാപിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."