തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
തൊടുപുഴ :ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട ്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട ് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ്, സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റ്, അക്കൗണ്ടന്റ് ജനറല്‍ നടത്തുന്ന ഓഡിറ്റ് എന്നിങ്ങനെ മൂന്ന് രീതിയിലുളള ഓഡിറ്റുകളാണ് പ്രധാനമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്നത്. ഇവ കൂടാതെ വിവിധ ഏജന്‍സികള്‍ തദ്ദശസ്ഥാപനങ്ങളുടെ സഹകരത്തോടെ പ്രാദേശികമായി നടത്തുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അതാത് ഏജന്‍സികളുടെ ഓഡിറ്റും നടത്തപ്പെടുന്നുണ്ട്.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് ബന്ധപ്പെട്ട തദ്ദേശഭരണ സമിതികള്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍,ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍,തദ്ദേശ വകുപ്പ് സെക്രട്ടറി,വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ പഞ്ചായത്തിലും എട്ട് ബ്‌ളോക്ക് പഞ്ചായത്തിലും 52 ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഓഡിറ്റ് വകുപ്പ് കഴിഞ്ഞ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കിയ പരിശോധന റിപ്പോര്‍ട്ടുകളിലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായുളള വിവരങ്ങള്‍ പുറത്ത് വരുന്നത്.
പ്ലാന്‍ ഫണ്ട്,തനത് ഫണ്ട്,ജനറല്‍ പര്‍പ്പസ് ഗ്രാന്റ്,മെയിന്റന്‍സ് ഗ്രാന്റ്,ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്,കേന്ദ്ര ഫണ്ട് എന്നിങ്ങനെയുളള വിവിധങ്ങളായ കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ സാമ്പത്തിക വര്‍ഷവും ക്രയ വിക്രയം നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി പോലുളള ചില പദ്ധതികള്‍ക്ക് ജനങ്ങളുടെ സഹകരണത്തോടെ സോഷ്യല്‍ ഓഡിറ്റ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മറ്റുളള പദ്ധതികളുടെ ഓഡിറ്റ് സംബന്ധിച്ച് പൊതുജനത്തിന് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കില്ല എന്ന കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയേറുന്നു. ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അമ്പതില്‍പ്പരം ക്രമക്കേടുകളാണ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയത്.
പല കാരണങ്ങളാലും നഗരസഭകളെ അപേക്ഷിച്ച് പഞ്ചായത്തകളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടു എന്ന് ഓഡിറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."