മലയോര മേഖലയില്‍ ഡങ്കിപ്പനി പടരാന്‍ സാധ്യത; മുന്നൊരുക്കവുമായി അധികൃതര്‍
കുന്നുംകൈ: കൊടും ചൂടിനിടെ ഇടക്കിടെ പെയ്ത വേനല്‍മഴ മലയോര മേഖലയ്ക്ക് ആശ്വാസമായെങ്കിലും ഈ പ്രദേശം കൊതുകുജന്യരോഗങ്ങളുടെ ഭീഷണിയിലായിമാറുന്നു. റബര്‍ത്തോട്ടങ്ങളിലെ ചിരട്ടകളിലും കവുങ്ങും തോട്ടങ്ങളിലെ പാളകളിലും കൂത്താടികള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം പരിധിയില്‍ ആരോഗ്യ വകുപ്പ് ദ്രുത കര്‍മസേന നടത്തിയ പരിശോധനയില്‍ 75 റബര്‍ത്തോട്ടങ്ങളിലും കമുകിന്‍ തോട്ടങ്ങളിലും കൊതുകിന്റെ കൂത്താടികളെ കണ്ടെത്തി.
വീടിന്റെ ടെറസില്‍ ബാക്കിയായ ചിരട്ടകള്‍, വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകള്‍ എന്നിവടങ്ങളിലും കൂത്താടികളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറത്തു. രണ്ടു ദിവസത്തിനകം കൊതുക് നശീകരണം നടത്താത്ത റബര്‍, കമുക് തോട്ടമുടമകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. പ്രിയ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത് സി. ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. ഇതിനായി വെള്ളരിക്കുണ്ട് പ്രദേശത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി.
ആശാ, കുടുംബശ്രീ ആരോഗ്യ പ്രവര്‍ത്തകര്‍ ജനപ്രതിനിധികളുടെ നേത്രത്വത്തില്‍ വീട് വീടാന്തരം ഉറവിടനശീകരണ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ കൊന്നക്കാട് പുന്നത്താനത്തു കുന്നേല്‍ ലില്ലിക്കുട്ടിയെ ഡങ്കിപ്പനി ബാധിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ബളാല്‍ പഞ്ചായത്തില്‍ മുന്നൂറോളം പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു.
പനി ബാധിതര്‍ വൈദ്യ പരിശോധനക്ക് വിധേയമാകുക, വെള്ളം കുടിക്കുക, വിശ്രമിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക തുടങ്ങിയവ ചെയ്യണമെന്നും പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."