ഗാന്ധി നഗറിലേക്ക് വഴിതുറന്നു; ഗ്രാമവാസികള്‍ക്ക് ആശ്വാസം
ചെറുതോണി: ചെറുതോണി അണക്കെട്ട് തുറന്നതോടെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന് ഒറ്റപ്പെട്ടുപോയ ഇടുക്കി ഗാന്ധിനഗര്‍ കോളനിയിലേക്കുള്ള വഴി താത്കാലികമായി തുറന്നു.
ചെറുതോണി പാലത്തിന്റെ അപ്രോച്ച്‌റോഡ് തകര്‍ന്നതോടെ ചെറുതോണിയിലെത്തി വിവിധ ജോലികള്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്നഗാന്ധിനഗര്‍ കോളനി നിവാസികള്‍ ദുരിതത്തിലായി. ഗാന്ധിനഗര്‍ ഗ്രാമവാസികളില്‍ ബഹുഭൂരിപക്ഷവും നിര്‍ധനരും കൂലിപണിക്കാരുമാണ്. 100മീറ്റര്‍ സമീപമുള്ള ചെറുതോണിയിലെത്തണമെങ്കില്‍ 20 ലേറെ കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ടസ്ഥിതിയിലായിരുന്നു ഗ്രാമവാസികള്‍. ദിവസങ്ങള്‍ക്കൊടുവില്‍ ചെറുതോണി പുഴയിലെ ഒഴുക്ക് കുറയുകയും ചെയ്തതോടെ പാലത്തിന്റെ തകര്‍ന്നുപോയ അപ്രോച്ച്‌റോഡ് കല്ലിട്ട് നികത്തി ഗതാഗതയോഗ്യമാക്കുകയായിരുന്നു. ഇന്നലെ ഗാന്ധിനഗര്‍ കോളിനിയിലേക്കുള്ള വഴി കാല്‍നടയാത്രക്കായി തുറന്നുകൊടുത്തു. റോഡ് വെള്ളത്തില്‍ ഒഴുകിപോയിരുന്നു. റോഡരുകിലുള്ള ചെറുതോണി മുസ്ലീം പള്ളി വക കെട്ടിടം പൊളിച്ചുമാറ്റി റോഡ് നിര്‍മ്മിച്ചുകൊണ്ടിരിക്കയാണ്. ഇതുകൂടി പൂര്‍ത്തിയാക്കി ഇന്നുമുതല്‍ ചെറുവാഹനങ്ങള്‍ കോളനിവഴി ഇടുക്കിയിലേക്ക് കടത്തിവിടും. ഇതോടെ ചെറുതോണി കട്ടപ്പന ഭാഗത്തേക്കുള്ള ചെറുവാഹനങ്ങളുടെ സഞ്ചാരം എളുപ്പമാകും.
എന്നാല്‍ ഭാരവാഹനങ്ങളും ബസുകളും ഇതുവഴി യാത്രനിരോധിക്കും. ഇടുങ്ങിയ റോഡായതിനാലും ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് കോളനിയിലെ വീടുകള്‍ക്ക് സുരക്ഷിതമല്ലെന്നതിനാലും ഇത്തരം വാഹനങ്ങള്‍ നിരോധിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."