ട്രാക്ക് തെറ്റാതെ ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനം ഇന്ത്യക്ക് മികച്ച നേട്ടം. ട്രാക്കില്‍ നിന്ന് രണ്ട് സ്വര്‍ണമടക്കം അഞ്ചു മെഡലുകളാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ കോഴിക്കോട്ടുകാരനായ ജിന്‍സണ്‍ ജോണ്‍സന്‍ സ്വര്‍ണവും വനിതകളുടെ 4*400 മീറ്റര്‍ റിലേയിലുമാണ് ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളി താരങ്ങളായ എം. ആര്‍ പൂവ്വമ്മ, വിസ്മയ കോരോത്ത്, യുവതാരം ഹിമാ ദാസ്, സരത്‌ബെന്‍ ഗയക്‌വാദ് എന്നിവരടങ്ങുന്ന ടീമാണ് വനിതാ റിലേയില്‍ സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 4*400 മീറ്ററില്‍ ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം സിമ പുനിയക്ക് വെങ്കലം മാത്രമാണ് ലഭിച്ചത്. സാധാരണ ഏഷ്യന്‍ മീറ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സീമക്ക് തുടക്കം മുതല്‍ തന്നെ താളം കണ്ടെത്തനായില്ല. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി. യു ചിത്രക്ക് വെങ്കലം മാത്രമാണ് ലഭിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബഹറൈന്‍ താരങ്ങളെ പിറകിലാക്കാന്‍ ചിത്രക്കായില്ല. 3:44:72 മിനുട്ട് കൊണ്ടായിരുന്നു ജിന്‍സണ്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണം നേടിയത്. രണ്ടാമതെത്തിയ ഇറാന്റെ മുറാദി ആമിര്‍ 3:45:62 മിനുട്ട് കൊണ്ട് ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി. ബഹറൈന്‍ താരം തൗലി മുഹമ്മദ് 3:45:88 സമയം കൊണ്ട് ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി. ഈ ഇനത്തില്‍ ഇന്ത്യന്‍ താരം മഞ്ജിത്ത് സിങ്ങ് മത്സരിച്ചിരുന്നെങ്കിലും നാലാമതെത്താനേ കഴിഞ്ഞുള്ളു. പുരുഷന്‍മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മഞ്ജിത്ത് സിങ്ങ് സ്വര്‍ണവും ജിന്‍സണ്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടിക്കൊടുത്തു. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്താണ് ഖത്തര്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. 3:00:56 മിനുട്ട് കൊണ്ടാണ് ഖത്തര്‍ സ്വര്‍ണം നേടിയത്. തൊട്ടുപിറകിലായി ഫിനിഷ് ചെയ്ത ഇന്ത്യ 3:01:85 മിനുട്ട് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് വെള്ളി നേടിയത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് കുഞ്ഞു, ആരോക്യ രാജീവ്, ധരുണ്‍ അയ്യസ്വാമി എന്നിവരടങ്ങുന്ന ടീമാണ് റിലേയില്‍ വെള്ളി മെഡല്‍ നേടിയത്. സീമ പുനിയയുടെ ഇഷ്ട ഇനമായ ഡിസ്‌കസ് ത്രോയില്‍ വെങ്കലം ലഭിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. വനിതകളുടെ 1500 മീറ്ററിലും ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രക്ക് വെങ്കലം നേടാന്‍ മാത്രമേ സാധിച്ചുള്ളു. മെഡല്‍ സാധ്യതയുണ്ടായിരുന്ന പുരുഷ ഹോക്കിയില്‍ തോറ്റത് ഇന്ത്യക്ക് ഇന്നലെ തിരിച്ചടിയായി. ഡൈവിങ്ങ്, ടേബിള്‍ ടെന്നീസ്, കുറാഷ്, ജുഡോ, സൈക്ലിങ്ങ് എന്നീ ഇനങ്ങളിലെല്ലാം ഇന്ത്യ ഇന്നലെ മത്സരിച്ചിരുന്നെങ്കിലും മെഡലൊന്നും നേടാനായില്ല.
പുരുഷ ഹോക്കിയില്‍ തോല്‍വി;ഇനി പ്രതീക്ഷ വെങ്കലത്തില്‍
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനം ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ ലഭിച്ചെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന ഇനത്തിലെ തോല്‍വി ഇന്ത്യക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ഘട്ടങ്ങളിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പുരഷ ഹോക്കി ടീമാണ് മലേഷ്യയോട് തോറ്റ് പുറത്ത് പോയത്.
ക്വാര്‍ട്ടറില്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത 20 ഗോളിനായിരുന്നു ഇന്ത്യ ജയിച്ചത്. വിവിധ ടീമുകളുമായി മത്സരിച്ചപ്പോള്‍ 70 ഓളം ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇന്ത്യ ഒറ്റ ഗോള്‍ പോലും വഴങ്ങുകയും ചെയ്തിരുന്നില്ല. സെമിഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മലേഷ്യക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കായില്ല. മത്സരം അവസാനിക്കാന്‍ ഒരു മിനുട്ട് ബാക്കിവരെ ഇന്ത്യ 2-1 എന്ന സ്‌കോറിന് മുന്നിലായിരുന്നു. എന്നാല്‍ അവസാന മിനുട്ടില്‍ മലേഷ്യ ഗോള്‍ കണ്ടെത്തി മത്സരം സമനിലയിലാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പെനാല്‍റ്റിയല്‍ 7-6 എന്ന സ്‌കോറിനായിരുന്നു മലേഷ്യയുടെ ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 32-ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ്ങായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 39-ാം മിനുട്ടില്‍ ഫൈസല്‍ സാരിയിലുടെ മലേഷ്യ ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ താരം വരുണ്‍ കുമാര്‍ ഗോളടിച്ച് ലീഡുയര്‍ത്തി. പക്ഷെ മത്സരം തീരാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്ക മലേഷ്യന്‍ താരം റാസി റഹീം ഗോള്‍ കണ്ടെത്തി സമനില പിടിച്ചതോട കളി പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യന്‍ താരം എസ്. വി സുനിലിന്റെ ഷോട്ട് പാഴായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ തോറ്റത്. ജപ്പാനും പാകിസ്താനും തമ്മിലുള്ള സൈമിയില്‍ തോല്‍ക്കുന്നവരുമായിട്ടായിരിക്കും ഇന്ത്യ വെങ്കല മെഡലിനു വേണ്ടി മത്സരിക്കുക.
20 വര്‍ഷം മുമ്പുള്ള ഒരു റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ ചൈനയെ തോല്‍പിച്ച് ഹോക്കിയുടെ ഫൈനലില്‍ പ്രവേശിച്ചത്. 20 വര്‍ഷം മുമ്പായിരുന്നു അവസാനമായി ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ന് ജപ്പാനെതിരേ ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മറ്റൊരു റൊക്കോര്‍ഡ് കൂടി സ്വന്തമാക്കാം. 36 വര്‍ഷം മുമ്പാണ് ഇതിന് മുമ്പായി ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസിന്റെ ഹോക്കിയില്‍ സ്വര്‍ണം നേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."