വിദേശ മദ്യ ഔട്ട്‌ലെറ്റുകളില്‍ മിന്നല്‍ പരിശോധന; ഞെട്ടിയത് വിജിലന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിലുള്ള വിദേശ മദ്യഔട്ട് ലെറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് വിജിലന്‍സ്. വ്യാപക ക്രമക്കേടുകള്‍ ആണ് സംസ്ഥാനത്തുടനീളം കണ്ടെത്തിയത്. പലയിടത്തും കാഷ് കൗണ്ടറിലെ തുക വില്‍പനയുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. ബില്ലിലും മറ്റും ക്രമക്കേടുകള്‍ നടത്തി വെട്ടിക്കുന്ന തുക ഔട്ട്‌ലെറ്റിന് സമീപമുള്ള കെട്ടിടത്തിലും മറ്റുമായിരുന്നു ഒളിപ്പിച്ചിരുന്നത്. എന്തിനേറെ പറയുന്നു, മദ്യം പൊതിയാന്‍ ന്യൂസ് പേപ്പര്‍ വാങ്ങിയ ഇനത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. കൂടാതെ നിയമാനുസൃതം അനുവദനീയമായ പരമാവധി അളവില്‍ മദ്യകുപ്പികള്‍ എല്ലാ മാസവും കൃത്യമായി ചിലയിടത്ത് പൊട്ടിയിരുന്നു!.
ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തുടനീളമുള്ള കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിലുള്ള 62 വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ ഒരേസമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂനിറ്റുകളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു.
62 വിദേശ മദ്യ ഔട്ട്‌ലെറ്റുകളില്‍ ഏകദേശം പകുതിയോളം എണ്ണത്തിലും വിറ്റ് പോയ മദ്യത്തിന്റെ വിലയേക്കാള്‍ കാഷ് കൗണ്ടറിലുള്ള തുക കുറവാണെന്നും വിജിലന്‍സ് കണ്ടെത്തി. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ വില രേഖപ്പെടുത്തിയ ഭാഗം കീറി കളഞ്ഞും മഷി തീര്‍ന്ന ടോണര്‍ ഉപയോഗിച്ച് ബില്ലുകള്‍ പ്രിന്റ് ചെയ്ത് ഉപഭോക്താക്കളില്‍ നിന്ന് യഥാര്‍ഥ വിലയേക്കാള്‍ കൂടുതല്‍ തുക ജീവനക്കാര്‍ ഈടാക്കുന്നുണ്ടെന്നും കണ്ടെത്തി. ഇത്തരത്തില്‍ ശേഖരിക്കുന്ന തുക പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ അപ്പപ്പോള്‍ കാഷ് കൗണ്ടറില്‍ നിന്ന് മാറ്റി ഔട്ട് ലെറ്റുകളോട് ചേര്‍ന്ന കെട്ടിടങ്ങളിലും മറ്റും സൂക്ഷിക്കുകയാണ് പതിവ്. വിവിധ ഔട്ട് ലെറ്റുകളുടെ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ 33,000 ല്‍ പരം രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
പത്ത് ഔട്ട് ലെറ്റുകളില്‍ കാഷ് കൗണ്ടറില്‍ കാണപ്പെട്ട തുക മദ്യം വിറ്റ തുകയേക്കാള്‍ കൂടുതലാണെന്നും വിജിലന്‍സ് കണ്ടെത്തി. ഇത് കൂടാതെ ഇടുക്കി ജില്ലയിലെ തൊടുപുഴ ഔട്ട് ലെറ്റില്‍ സെയില്‍സ് കൗണ്ടറില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും കണക്കില്‍പ്പെടാത്ത 19,630 രൂപയും തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ ഔട്ട് ലെറ്റിലെ മാനേജരില്‍ നിന്നും 11,900 രൂപയും ഉള്‍പ്പെടെ കണക്കില്‍പ്പെടാത്ത 43,000 ത്തോളം രൂപ വിജിലന്‍സ് വിവിധ ഉദ്യോഗസ്ഥരില്‍ നിന്നും പിടികൂടി. പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഔട്ട് ലെറ്റിലെ കാഷ് കൗണ്ടറില്‍ 15,303 രൂപയുടെ കുറവും ഇടുക്കി ജില്ലയിലെ കട്ടപ്പന ഔട്ട് ലെറ്റില്‍ 13,250 രൂപയുടെ കുറവും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഔട്ട് ലെറ്റില്‍ 10,578 രൂപയുടെ കുറവും തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ഔട്ട് ലെറ്റില്‍ 8,097 രൂപയുടെ കുറവും കണ്ടെത്തി. ഇത് കൂടാതെ ആലപ്പുഴ ജില്ലയിലെ പുന്നംമൂട് ഔട്ട് ലെറ്റിനകത്തും പരിസരത്തും ഒളിപ്പിച്ച രീതിയില്‍ 28,790 രൂപയും വിജിലന്‍സ് കണ്ടെത്തി. എന്നാല്‍ ഇതേ ഔട്ട് ലെറ്റിലെ കാഷ് കൗണ്ടറില്‍ 4,100 രൂപയുടെ കുറവും വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു.
സംസ്ഥാനത്തെ മിക്ക ഔട്ട് ലെറ്റുകളിലും ഉപഭോക്താക്കള്‍ക്ക് മദ്യം ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്നില്ലെന്നും എന്നാല്‍ പൊതിഞ്ഞ് നല്‍കുന്നതിനായി പേപ്പര്‍ വാങ്ങുന്ന ഇനത്തില്‍ ആയിരക്കണക്കിന് രൂപ ഓരോ മാസവും ഉദ്യോഗസ്ഥര്‍ എഴുതി എടുക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. കൂടാതെ കാഷ് ബുക്ക് മേലുദ്യോഗസ്ഥര്‍ ആരും പരിശോധിക്കുന്നില്ല. കോട്ടയം ജില്ലയിലെ പാലാ ഔട്ട് ലെറ്റില്‍ വിവിധ ബ്രാന്‍ഡുകളുടെ മദ്യ സ്‌റ്റോക്കുകളുടെ എണ്ണത്തില്‍ കുറവുള്ളതായും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഔട്ട് ലെറ്റില്‍ നിയമാനുസരണം അനുവദിച്ചതും പരമാവധി പൊട്ടാന്‍ സാധ്യതയുള്ളതുമായ 0.75 ശതമാനം മദ്യത്തിന്റെ ബോട്ടില്‍ എല്ലാ മാസവും പൊട്ടിയതായി കാണിച്ച് ഉദ്യോഗസ്ഥര്‍ തുക വെട്ടിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.
പരിശോധന നടത്തിയ മിക്ക ഔട്ട് ലെറ്റുകളിലും ലഭ്യമായ മദ്യങ്ങളുടെ വിവരം ശരിയായി പ്രദര്‍ശിപ്പിക്കുന്നില്ലായെന്നും വില വിവര പട്ടിക വ്യക്തതയില്ലാത്തതാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയരക്ടര്‍ അനില്‍ കാന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."