അലിവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോ തെറാപ്പി സെന്റർ ശനിയാഴ്ച നാടിന് സമർപ്പിക്കും
റിയാദ്: വേങ്ങര കേന്ദ്രമായി സാമൂഹ്യ ക്ഷേമ ആതുര സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന അലിവ് ചാരിറ്റി സെല്ലിന്റെ പുതിയ സംരഭമായ അലിവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി ആന്റ് സെന്റർ ഫോർ റീഹാബിലിറ്റേഷൻ കേന്ദ്രം ശനിയാഴ്ച രാവിലെ 9.30ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുമെന്നു റിയാദ് ചാപ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായിരിക്കും. അലിവ് ചാരിറ്റി സെൽ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. സ്ഥലം എം എൽ എ അഡ്വ. കെ ൻ എ ഖാദർ തുടങ്ങി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
വേങ്ങരയിലെ ചേറ്റിപ്പുറമാടിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന 22 ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ സ്ഥാപനത്തിന്റെ മുഴുവൻ ചിലവും വഹിക്കുന്നത് അലിവ് റിയാദ് ചാപ്റ്റർ കമ്മിറ്റിയാണ്. വേങ്ങര നിയോജക മണ്ഡലം പരിധിയിൽ വരുന്ന പഞ്ചായത്തിലെ കെഎംസിസി പ്രവർത്തകരെയും ഇതര പ്രദേശങ്ങളിലുള്ള അഭ്യുദയകാംക്ഷികളെയും അംഗങ്ങളായായി ചേർത്ത മെമ്പർമാരിൽ നിന്നും ദിനേനെ അമ്പത് ഹലാലകൾ സമാഹരിച്ചു നാട്ടിലെ നിർധനരായ രോഗികൾക്ക് സഹായമെത്തിക്കുന്ന ഹാഫ് റിയാൽ ക്ലബ് അടക്കം വിവിധ പദ്ധതികൾ ഇതിനകം തന്നെ റിയാദ് ചാപ്റ്റർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷക്കാലം ഇതു വഴി നിരവധി രോഗികൾക്ക് സഹായമെത്തിക്കാനായി. അലിവ് മൾട്ടി സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി സെന്റർ നിർമ്മാണത്തിണ് ചിലവഴിച്ച തുകയിൽ ഭൂരിഭാഗംവും ഹാഫ് റിയാൽ ക്ലബ്ബ് മുഖേന സ്വരൂപിച്ചു കൈമാറിയതാണ്. രണ്ടായിരം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ വിദഗ്ധരായ ഫിസിയോ തെറാപ്പിസ്റ്റുകളുടെ മേൽനോട്ടത്തിൽ അത്യാധുനിക സംവിധാനമാണ് യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫിസിയോതെറാപ്പിക്ക് പുറമെ സ്പീച്ച് തെറാപ്പിയും കുട്ടികൾക്കായ് പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്.
ന്യൂറോ ഓർത്തോ ഫിസിയോതെറാപ്പി, കാർഡിയോതെറാപ്പി, പീഡിയാട്രിക്ക് ഫിസിയോതെറാപ്പി, സ്പോർട്സ് ഫിസിയോതെറാപ്പി, ഗൈനക്കോളജി ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, സർജറിക്ക് ശേഷമുള്ള വിവിധ തെറാപ്പികൾ, അഡ്വാൻസ്സ് ഇലക്ട്രോതെറാപ്പി എന്നിങ്ങനെ എല്ലാവിധ ഫിസിയോതെറാപ്പി സംവിധാനങ്ങളുമാണ് യൂണിറ്റിൽ ഒരുക്കിയിരിക്കുന്നത്. ഭാഷയുടെ ഉപയോഗത്തിലും വ്യാഖ്യാനത്തിനുമുള്ള പ്രയാസങ്ങൾ, കുട്ടികളിൽ സംസാരത്തിനു നേരിടുന്ന പ്രയാസങ്ങൾ, ഞരമ്പ് പശ്ചാകാതം മൂലമുണ്ടാകുന്ന സംസാര പ്രയാസങ്ങൾ, പഠന വൈകല്യങ്ങൾ, വിക്ക്, ഓട്ടിസം, ശബ്ദ വൈകല്ല്യങ്ങൾ, ശ്രവണ സഹായി ഉപയോഗിക്കുന്നതിനൊപ്പമുള്ള തെറാപ്പികൾ എന്നിവ സ്പീച്ച് തെറാപ്പി വിഭാഗത്തിലും നടക്കും.
ഇതോടെപ്പം രക്ഷിതാക്കൾക്കുള്ള പ്രത്യേക കൗൺസിലിങ്ങും പരിശീലനവും സംഘടിപ്പിക്കും. ഭിന്നശേഷിക്കാർ, ശരീരം തളർന്നവർ, ഓട്ടിസം ബാധിതർ എന്നിവർക്കായ് അലിവ് ആരംഭിക്കുന്ന കെയർ ഹോം ഉടനെ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടന ചടങ്ങ് ഒൺലൈനിലൂടെ ലൈവായി വീക്ഷിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന അലിവ് ചാരിറ്റി സെല്ലിന് കീഴിലായി അലിവ് ഡയാലിസിസ് സെന്റർ, നിത്യരോഗികൾക്ക് മാസാന്തം മരുന്ന് സഹായം നൽകുന്ന മെഡിക്കൽ കെയർ, കാൻസർ രോഗികൾക്കായുള്ള 'കരുണാമൃതം' പദ്ധതി, സൗജന്യ ആംബുലൻസ് സർവ്വീസ് എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്.
വാർത്ത സമ്മേളനത്തിൽ അലിവ് റിയാദ് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര, അലിവ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം കെഎംസിസി പ്രസിഡന്റ് എ പി നാസർ കുന്നുംപുറം, മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നജ്മുദ്ധീൻ അരീക്കൻ, ഭാരവാഹികളായ അഷ്‌റഫ് ടി ടി വേങ്ങര, നൗഷാദ് ചക്കാല, സഫീർ എം ഇ, എം കെ നവാസ്, ടി മുസ്താഖ് വേങ്ങര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."