ഡല്‍ഹി വംശഹത്യ : ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ യെച്ചൂരിയെയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖരെയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലിസ്. കേസിലെ അധിക സത്യവാങ്മൂലത്തിലാണ് സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവരെല്ലാം കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും അതിനായി ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് ഡല്‍ഹി പൊലിസ് ആരോപിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ച മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കലാപക്കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ബി.ജെ.പി സര്‍ക്കാരിന്റെയും ഡല്‍ഹി പൊലിസിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പൊലിസ്. ഇത്തരം നടപടികള്‍ കൊണ്ടൊന്നും പൗരത്വനിയമഭേദഗതിക്കെതിരായ ജനങ്ങളുടെ നിലപാടിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഡല്‍ഹിയില്‍ 55 പേര്‍ മരിക്കാനിടയായ കലാപത്തിന് ആഹ്വാനം ചെയ്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."