ഗോള്‍ഡ് കവറിങ്ങ് സ്ഥാപനത്തിലെ
കവര്‍ച്ച: മോഷ്ടാവ് കാമറയില്‍ കുടുങ്ങി
വടക്കാഞ്ചേരി: ഓട്ടുപാറ മാവേലി സ്റ്റോറിന് സമീപം പ്രവര്‍ത്തിക്കുന്ന ജുംക്കാസ് ഗോള്‍ഡ് കവറിങ് ആന്റ് ഫാന്‍സിയില്‍ കയറി വന്‍ മോഷണം നടത്തിയ മോഷ്ടാവ് ഒടുവില്‍ കാമറയില്‍ കുടുങ്ങി. ചിറ്റണ്ട സ്വദേശി പാമ്പത്ത്വളപ്പില് ഷിയാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കഴിഞ്ഞ 20ന് വന്‍ മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഓണ വിപണി ലക്ഷ്യമിട്ട് ഷിയാസ് ശേഖരിച്ച് വെച്ചിരുന്ന അപൂര്‍വ ഡിസൈനോടു കൂടിയ ആഭരണങ്ങളാണ് നഷടപ്പെട്ടവയിലേറെയും. ഷട്ടറിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം നടന്നത്. ഷിയാസിന്റെ സ്ഥാപനത്തില്‍ 19ന് പൂട്ട് തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മോഷണം നടന്ന ദിവസം പുലര്‍ച്ചെ രണ്ട് മണി വരെ ഷിയാസ് സ്ഥാപനത്തിന് കാവലിരിക്കുകയും ചെയ്തിരുന്നു.
രാത്രി പതിനൊന്നിന് വടക്കാഞ്ചേരി പൊലിസില്‍ പരാതിയും നല്കി. പൊലിസ് സംഘം ഒരു മണി വരെ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഈ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചും, പരാജയപ്പെടുത്തിയുമാണ് ലക്ഷങ്ങളുടെ മോഷണം നടന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളേയും പരാജയപ്പെടുത്തിയ മോഷ്ടാവിന് തനിക്ക് നേരെ തിരിഞ്ഞ കാമറ കണ്ണുകള്‍ കാണാനായില്ല. കടയിലെ സി.സി.ടി.വി കാമറ വളരെ ഭംഗിയായി മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
20 ന് പുലര്‍ച്ചെ 5.30നാണ് മോഷ്ടാവ് കടക്കുള്ളില്‍ തോള് സഞ്ചിയും, കയ്യില്‍ ചെറിയ ടോര്‍ച്ചുമായി പ്രവേശിച്ചത്. തുടര്‍ന്ന് ടോര്‍ച്ച് വെളിച്ചത്തില്‍ ഓരോ ആഭരണവും പരിശോധിച്ച് തനിക്ക് ആവശ്യമുള്ളത് മാത്രം സഞ്ചിയില്‍ നിറക്കുകയായിരുന്നു.
കഷണ്ടിയുള്ള വെളുത്ത് സുമഖനായ കണ്ണടധാരിയായ ചെറുപ്പക്കാരനാണ് മോഷണത്തിന് നേതൃത്വം നല്‍കിയിട്ടുള്ളത്. സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസിന് മോഷ്ടാവിനെ കുറിച്ച് വ്യക്തമായ ചില സൂചനകള്‍ ലഭിച്ചതായിട്ടാണ് വിവരം. അതിനിടെ മോഷ്ടാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി. നഗരത്തിലെ കടകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."