HOME
DETAILS
MAL
പള്ളിവാസല്‍ പെന്‍സ്റ്റോക് പൈപ്പില്‍ ശക്തമായ ചോര്‍ച്ച
backup
September 18 2020 | 03:09 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ ശക്തമായ ചോര്‍ച്ച.
പവര്‍ ഹൗസിന്റെ നൂറു മീറ്റര്‍ മുകള്‍ഭാഗത്താണ് ചോര്‍ച്ച. 80 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ വൈദ്യുതി പദ്ധതിയുടെ നാല് പെന്‍സ്റ്റോക്കുകള്‍ക്ക് അത്രതന്നെ പഴക്കമുണ്ട്.
പലയിടത്തും അപകടകരമാംവിധം ചോര്‍ച്ചയാണ്. പെന്‍സ്റ്റോക്കുകള്‍ ദുര്‍ബലാവസ്ഥയിലാണെന്ന് സി.പി.ആര്‍.ഐ റിപ്പോര്‍ട്ട് നിലവിലുണ്ട്.
പെന്‍സ്റ്റോക്കില്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം കാറ്റില്‍പറത്തിയാണ് ഉല്‍പ്പാദനം തുടരുന്നത്.
7.5 മെഗാവാട്ടിന്റെ രണ്ടും 5 മെഗാവാട്ടിന്റെ മൂന്നും ജനറേറ്ററുകളാണ് സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളുടെ പെന്‍സ്റ്റോക്ക് പൈപ്പുകളിലെ ചോര്‍ച്ചയാണ് ഗുരുതരം. 10 മില്ലിമീറ്റര്‍ കനമുണ്ടായിരുന്ന പെന്‍സ്റ്റോക്ക് പൈപ്പിന്റെ കനം കുറഞ്ഞ് 3 മില്ലിമീറ്റര്‍ വരെയായി. ഇത് പൊട്ടിത്തെറിച്ചാല്‍ പന്നിയാറിനേക്കാള്‍ വലിയ ദുരന്തമാകുമെന്നാണ് വിലയിരുത്തല്‍.പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ ഭാഗമായി നാല് പെന്‍സ്റ്റോക്ക് പൈപ്പുകളും മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
എന്നാല്‍ എക്‌സ്‌റ്റെന്‍ഷന്‍ പദ്ധതി അനന്തമായി നീളുന്നതാണ് പള്ളിവാസലിന് വിനയാകുന്നത്.
നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2006 ഡിസംബര്‍ 26 ന് നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് പള്ളിവാസല്‍ എക്‌സ്റ്റെന്‍ഷന്‍ സ്‌കീം. വിവാദമായ ലാവ്‌ലിന്‍ നവീകരണത്തില്‍ ഇവിടുത്തെ പെന്‍സ്റ്റോക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. കോണ്‍ക്രീറ്റ് അങ്കറുകളിലാണ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പല ആങ്കറുകളും തകര്‍ന്ന നിലയിലാണ്. 50 അടിക്ക് ഒന്നുവീതം 60 ജോയിന്റുകള്‍ ഇതിനുണ്ട്.
നവീകരണത്തിന്റെ പേരില്‍ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനി കോടികളാണ് തട്ടിയെടുത്തത്. 2007 സെപ്റ്റംബര്‍ 17നു പന്നിയാര്‍ വാല്‍വ് ഹൗസില്‍നിന്നു പവര്‍ ഹൗസിലേക്കു വെള്ളമെത്തിച്ചിരുന്ന പെന്‍സ്റ്റോക് പൈപ്പ് പൊട്ടിത്തെറിച്ച് വൈദ്യുതി ബോര്‍ഡിലെ അസി.എന്‍ജിനീയര്‍ ഉള്‍പ്പെടെ എട്ടുപേരാണു മരിച്ചത്.
എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ചിത്തിരപുരം ജനറേഷന്‍ ഡിവിഷന്‍ എക്‌സികൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൈപ്പുകള്‍ക്ക് മറ്റു തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."