പെന്‍ഷന്‍ നിഷേധം: പ്രതിഷേധം ശക്തം
കൊടുവള്ളി : നിര്‍ധനരും നിത്യ രോഗികളുമായ ആളുകളെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധം ശക്തം.
വര്‍ഷങ്ങളായി മുടക്കമില്ലാതെ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് പേരാണ് പരേതര്‍ എന്നും വാഹന ഉടമകള്‍ എന്നും തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ പെന്‍ഷന്‍ പട്ടികക്ക് പുറത്തായത്.
വിവര ശേഖരണത്തില്‍ വന്ന അപാകതയാണെന്നാണ് പെന്‍ഷന്‍ നിഷേധത്തിന് പിന്നിലെന്നാണ് സൂചന. ധനകാര്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് വാഹന ഉടമകളെന്നും പരേതര്‍ എന്നും കണ്ടെത്തിയവര്‍ക്കു തുടര്‍ന്ന് പെന്‍ഷന്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ വാദം.
എന്നാല്‍ പെന്‍ഷന്‍ ഗുണഭോക്ത്താക്കളുടെ പുതുക്കിയ പട്ടിക തയ്യാറാക്കിയത് ആരെന്നു വ്യക്തമല്ല. അര്‍ഹരായവര്‍ പട്ടികക്ക് പുറത്തു പോയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് പരാതി സമര്‍പ്പിക്കുന്ന പക്ഷം പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് അറിയിച്ചിരുന്നെങ്കിലും പരാതി നല്‍കിയ നിരവധി പേര്‍ക്ക് ഇപ്പോഴും പെന്‍ഷന്‍ പുനഃസ്ഥാപിച്ച് കിട്ടിയിട്ടില്ല. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് മരിച്ചവര്‍ എന്നും സമ്പന്നര്‍ എന്നും മുദ്രക്കുത്തി പാവപ്പെട്ട ആളുകളെ നീക്കം ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
ശരിയായ വിവരങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് കൊടുവള്ളി നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഷട്രീയം കളിക്കുന്ന ഇടത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു രാജിവക്കണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. വി.കെ അബ്ദുഹാജി അധ്യക്ഷനായി.
കെ.കെ.എ കാദര്‍, അലി മാനിപുരം, വി.എ റഹ്മാന്‍, കെ.സി മുഹമ്മദ് മാസ്റ്റര്‍, എടക്കണ്ടി നാസര്‍, എം. കെ.ബി മുഹമ്മദ്, ടി.പി നാസര്‍, പി. മുഹമ്മദ്, ശംസു കളത്തില്‍, വി.സി അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു.
പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ പുനഃസ്ഥാപിക്കുകയും അര്‍ഹരായവരുടെ പുതിയ അപേക്ഷകള്‍ പരിഗണിക്കുകയും ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എ.പി മജീദ് മാസ്റ്റര്‍ പറഞ്ഞു.
കൊടുവള്ളി നഗരസഭയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 340 ഓളം പേരുടെ പെന്‍ഷന്‍ തടഞ്ഞ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്ന ഇടതു കൗണ്‍സിലര്‍മാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പാവപ്പെട്ടവരുടെ പെന്‍ഷന്‍ തടഞ്ഞ നടപടി ന്യായീകരിച്ച കൊടുവള്ളി നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാബു രാജി വക്കണമെന്ന് യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എം നസീഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."