ചെറുപുഴയില്‍ കോണ്‍. മണ്ഡലം വൈസ് പ്രസിഡന്റ് രാജിവച്ചു
ചെറുപുഴ: ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ പൊട്ടിത്തെറി. മണ്ഡലം വൈസ് പ്രസിഡന്റും ജനശ്രീ സുസ്ഥിര മിഷന് സെക്രട്ടറിയുമായ കെ. ദാമോദരന്‍ സ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടിയുടെ കെടുകാര്യസ്ഥതയും അഞ്ചോ ആറോ ആളുകളുടെ മാത്രം തീരുമാനവും അഴിമതിയുമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നും ഓരോ തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും പാര്‍ട്ടി പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് ഇന്നുവരെയും മണ്ഡലം കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ ആരും തയാറായിട്ടില്ലെന്നുമാണ് ആരോപണം.
പുളിങ്ങോം മഖാം ഉറൂസ് സമയത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് പുളിങ്ങോം ടൗണില്‍ ഹര്‍ത്താല്‍ നടത്തിയതില്‍ പ്രതിഷേധിച്ച് നിരവധി ആളുകളാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള രാജഗിരി വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പൂര്‍ണമായും പരാജയപ്പെട്ടത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിന് ആക്കം കൂട്ടി. ഒരുവിഭാഗമാളുകളുടെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് തത്സ്ഥാനം ഒഴിയുന്ന തന്റെ രാജിക്കത്ത് ജില്ലാകോണ്‍ഗ്രസ് അധ്യക്ഷനു നല്‍കിയിട്ടുണ്ടെന്നു കെ. ദാമോദരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."