മുത്തങ്ങയില്‍ ബസും കാറും കൂട്ടിയിടിച്ച് റിട്ട. എ.ഇ.ഒ മരിച്ചു
മുത്തങ്ങ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത മുത്തങ്ങയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് റിട്ട. എ.ഇ.ഒ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാര്‍ ഓടിച്ചിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലം പി.എച്ച്.വി റോഡില്‍ കാവിലടത്ത് പറമ്പ് ജോസ് തോമസ് കുന്നേല്‍ (66) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഭാര്യ ഷീലക്ക് (61) ഗുരുതരമായി പരുക്കേറ്റു. ബസില്‍ സഞ്ചരിച്ചിരുന്ന സാമ്പത്താണ് (54) പരുക്കേറ്റ മറ്റൊരാള്‍. ഇവരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതര പരുക്കേറ്റ ഷീലയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരേ വന്ന കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
കാറിനുള്ളില്‍ കുടുങ്ങിയ ജോസിനെയും ഭാര്യ ഷീലയെയും നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജോസ് തോമസ് എ.ഇ.ഒ ആയി ഫറോക്ക്, അടിമാലി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
കോഴിക്കോട് ഗവ. ഗണപത് ബോയ്സ് എച്ച്.എസ്, കല്ലായി ഗവ. സ്കൂള്‍, മാവൂര്‍ ഗവ. സ്കൂള്‍, ചെമ്പാതൊടി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനുമായിരുന്നു. ഭാര്യ ഷീല ജോസ് കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് റിട്ട. പ്രിന്‍സിപ്പലാണ്. മക്കള്‍: ടെസ് ജോസ് (ബംഗളൂരു), ലിസ് ജോസ് (സിലിഗുരി). മരുമക്കള്‍: റെയ്സണ്‍ ചാക്കോ (എന്‍ജിനീയര്‍, ബംഗളൂരു), ഷിജു രാജ് (വിങ് കമാന്‍ഡര്‍, വ്യോമസേന സിലിഗുരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."