ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ക്രമക്കേട്
എരുമപ്പെട്ടി: ഗ്രാമപഞ്ചായത്തില്‍ 2009-10ലെ ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നത്തിയതായി വിജിലന്‍സ് കണ്ടെത്തി. അനര്‍ഹമായി പണം കൈപറ്റിയ ഗുണഭോക്താക്കള്‍ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് വിജിലന്‍സ് ഉത്തരവിട്ടു. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന വി.ഇ.ഒയ്‌ക്കെതിരേ ശിക്ഷാനടപടിയ്ക്കും ശുപാര്‍ശ നല്‍കി.
എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയിലാണു വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയത്. അനര്‍ഹരായ 51 ഗുണഭോക്താക്കള്‍ക്കാണു മാനദണ്ഡങ്ങള്‍ പാലിക്കാതെ പണം നല്‍കിയത്. ഒരു വീടിന് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയത് അന്‍പതിനായിരം രൂപയാണ്.
600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ ഫണ്ട് കൈപറ്റിയ അനര്‍ഹരായ 51 ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും നിശ്ചിത അളവിനുമുകളില്‍ വീടുകള്‍ നിര്‍മിച്ചവരാണ്. ഇതിനു പുറമെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തവരും പണം കൈപറ്റി ചെലവഴിക്കാത്തവരും ഇതില്‍ ഉള്‍പ്പെടും.
അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സുബൈദ ഉള്‍പ്പെടെ ഏഴുപേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു ഭവനനിര്‍മാണ പദ്ധതിയുടെ മറവില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരാണെന്നു കണ്ടെത്തിയ 51 ഗുണഭോക്താക്കളില്‍നിന്ന് 18 ശതമാനം പലിശ സഹിതം തുക തിരിച്ച് ഈടാക്കാന്‍ തിരുവനന്തപുരം ഗ്രാമവികസന കമ്മിഷണറാണു പഞ്ചായത്ത് സെക്രട്ടറിക്കും ഡി.ഡി.പിക്കും ഉത്തരവ് നല്‍കിയത്. 51 പേരില്‍നിന്നായി 20,05,000 രൂപ ഒരു മാസത്തിനകം തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
അനര്‍ഹരായവരുടെ പേരുവിവരങ്ങളും ഉത്തരവിനൊപ്പം നല്‍കിയിട്ടുണ്ട്. പണം തിരിച്ചടച്ചില്ലെങ്കില്‍ കൈപറ്റിയവര്‍ ജപ്തി ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കു വിധേയരാകേണ്ടിവരും.
ഇതിനു പുറമെ മാര്‍ഗരേഖകള്‍ പാലിക്കാതെ അനര്‍ഹരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഖജനാവിനു നഷ്ടം വരുത്തിയതിന് അന്നത്തെ വി.ഇ.ഒ എ.കെ രവീന്ദ്രനെതിരേ പ്രധാന ശിക്ഷകള്‍ക്കുള്ള വകുപ്പ് ചുമത്തി അച്ചടക്കനടപടി സ്വീകരിക്കാനും അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."