കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി
കാക്കനാട്: രാത്രി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ വഴിയില്‍നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരിച്ചു നല്‍കാനായതിന്റെ സന്തോഷത്തിലാണ് ടി.എ. ഷാജി. മുക്കാല്‍ ലക്ഷം രൂപ കളമശ്ശേരി പൊലിസ് സ്‌റ്റേഷനില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ അയല്‍വാസികൂടിയായ ഗോപിനാഥന് നന്ദിപറയാന്‍ വാക്കുകളില്ലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഇടപ്പള്ളി ബൈപ്പാസ് സര്‍വീസ് റോഡില്‍ കിടന്നാണ് ഇടപ്പള്ളി സഹകരണ റോഡില്‍ തപ്പുകുളം വീട്ടില്‍ ഷാജിക്ക് 76,100 രൂപയുടെ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ കിട്ടിയത്. ഉടന്‍ ബന്ധുവും കളക്ടറേറ്റ് ജീവനക്കാരനുമായ രമേഷിന് വിവരമറിയിച്ചു. മറ്റൊരാളുടെ സഹായത്തോടെ ഇരുവരും ചേര്‍ന്ന് ഈ തുക രാത്രിയില്‍ തന്നെ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു. സഹകരണ റോഡില്‍ തന്നെ താമസിക്കുന്ന ഇടപ്പള്ളി മാര്‍ക്കറ്റില്‍ കട നടത്തുന്നതുമായി ഗോപിനാഥന്‍ രാത്രി കട പൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് പണം നഷ്ടമായത്. ഇദ്ദേഹം വീട്ടില്‍ എത്തിയപ്പോള്‍ പണം നഷ്ടമായതറിഞ്ഞ ഇവര്‍ തിരികെ പോയി വഴിയിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെപൊലിസില്‍ പരാതിയും പത്രത്തില്‍ അറിയിപ്പും കൊടുത്തിരുന്നു. കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് അടുത്ത ദിവസം ഗോപിനാഥനെ ഫോണില്‍ വിവരം അറിയിച്ചു. പണം കൈപ്പറ്റാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അയല്‍വാസിയായ ഷാജിക്കാണ് ഈ തുക ലഭിച്ചതെന്ന് അറിയുന്നത്. കളമശ്ശേരി സി.ഐ. എസ്. ജയകൃഷ്ണന്‍, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ആന്റണി പരവര തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍
പെയിന്റിംഗ് തൊഴിലാളിയായ ഷാജി ഗോപിനാഥന് പണം കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."