കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്; കടുവാ സങ്കേതങ്ങള്‍ പിന്നില്‍
കല്‍പ്പറ്റ: കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചു. കേരളത്തിലെ രണ്ട് കടുവാസങ്കേതങ്ങളെ പിന്നിലാക്കി കടുവകളുടെ എണ്ണത്തില്‍ വയനാട് വളരെ മുന്നിലെത്തി. കേരള വനം വന്യജീവി വകുപ്പ് രാജ്യത്ത് ആദ്യമായി ആവിഷ്‌കരിച്ച് നടപ്പാക്കിയ ഒളികാമറ വഴിയുള്ള നിരീക്ഷണ സംവിധാനത്തിലൂടെയാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്.
ഇതനുസരിച്ച് വയനാട്ടില്‍ 84 കടുവകള്‍ ഉണ്ട്. എന്നാല്‍ കേരളത്തിലെ നിലവിലെ കടുവാ സങ്കേതങ്ങളായ പെരിയാറും പറമ്പിക്കുളവും 25 വീതം കടുവകള്‍ മാത്രമെ ഉള്ളൂ. 2017 ആദ്യം മുതല്‍ 2018 അവസാനം വരെയാണ് നിരീക്ഷണം നടത്തിയത്. ഇതനുസരിച്ച് കേരളത്തിലാകെ 176 കടുവകള്‍ ഉണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കടുവക്കുട്ടികളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. അത് കൂടി ചേര്‍ത്താല്‍ ആകെ 250 ലധികം കടുവകള്‍ കേരളത്തിലുണ്ടാകും. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ കാമറ സ്ഥാപിച്ചിരുന്നില്ല. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളികാമറ നിരീക്ഷണം നടത്തി.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.എന്‍ അഞ്ജന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും സൗത്ത് വയനാട് വനം ഡിവിഷനില്‍ നാല് കടുവകളെയും തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഉള്‍പ്പെട്ട നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുവകളെയുമാണ് കണ്ടെത്തിയത്. 1640 കാമറകളാണ് വനത്തിനുള്ളില്‍ ഇതിനായി സജ്ജീകരിച്ചത്. കാമറയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം കണക്കാക്കിയത്. ഫോറസ്റ്റ് വാച്ചര്‍ മുതല്‍ ഡി.എഫ്.ഒ വരെയുള്ളവരെ ഉള്‍പ്പെടുത്തി ഇതിനായി രൂപീകരിച്ച സംഘത്തിന് പ്രത്യേക പരിശീലനം നല്‍കിയാണ് നീരീക്ഷണവും കണക്ക് കൂട്ടലും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."