HOME
DETAILS
MAL
ദാദി സമര യൗവ്വന ത്തിലാണ്
backup
October 04 2020 | 04:10 AM
പത്തുവര്‍ഷം മുന്‍പാണ് ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ നിന്ന് ബില്‍ഖീസ് എന്ന ഷഹീന്‍ ബാഗിന്റെ ദാദി ഡല്‍ഹിയിലെത്തുന്നത്. ഭര്‍ത്താവ് മഹ്മൂദ് ഖാന്‍ മരിച്ചുപോയിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന മക്കള്‍ക്കൊപ്പം ശാന്തമായ ജീവിതം. അതു മാത്രമായിരുന്നു ബില്‍ഖീസിന്റെ സ്വപ്‌നം. ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിവച്ച വലിയൊരു സമരത്തിന്റെ നേതൃസ്ഥാനം വഹിക്കാനുള്ള നിയോഗത്തിലേക്കാണ് ഷഹീന്‍ ബാഗിന്റെ ദാദി വന്നു കയറിയതെന്ന് അക്കാലത്ത് ആരും കരുതിയിട്ടുണ്ടാവില്ല. പത്തു കൊല്ലം മുന്‍പുവരെ കൃഷിക്കാരിയായിരുന്നു ബില്‍ഖീസ്. സ്‌കൂളില്‍ പോയിട്ടില്ല. ഭര്‍ത്താവിനൊപ്പം ഹാപ്പൂരിലെ തോട്ടത്തിലും വയലിലും ഗോതമ്പും ഉരുളക്കിഴങ്ങും അരിയും മാങ്ങയും കൃഷി ചെയ്തു. കാലികളും മുളകൊണ്ടുള്ള അതിരുവേലികളും നിറഞ്ഞ വീട്ടില്‍ ദാരിദ്യവും കൊയ്ത്തുത്സവങ്ങളുടെ സന്തോഷവും മാറി മാറിവന്ന ജീവിതമായിരുന്നു അത്. വയലുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത രാഷ്ട്രീയ പാഠമൊന്നും ഒരു സര്‍വ്വകലാശാലക്കും നല്‍കാന്‍ കഴിയില്ല. അതായിരിക്കണം അവരുടെ ജീവിതത്തിലെ സര്‍വ്വകലാശാല. അങ്ങനെയാണ് ചരിത്രമെഴുതാനുള്ള അംഗീകൃത യോഗ്യതാപരീക്ഷകളൊന്നും ജയിച്ചിട്ടില്ലാത്ത അവര്‍ തന്നെ സ്വയം ഒരു ചരിത്രമാവുന്നത്.
തെരുവിലിറങ്ങുന്നത്...
ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച വ്യക്തികളിലൊരാളായി വന്ന് ദിവസങ്ങള്‍ക്ക് ശേഷം ഷഹീന്‍ബാഗിലെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആറാംനമ്പര്‍ ഗലിയിലെ വീട്ടിലിരുന്ന് എണ്‍പത്തിരണ്ടുകാരിയായ ദാദി ജീവിതത്തെക്കുറിച്ച് പറഞ്ഞത് മുപ്പതുകാരിയുടെ ചുറുചുറുക്കോടെയാണ്. അപ്രതീക്ഷിതമായി തേടിയെത്തിയ അന്താരാഷ്ട്ര പ്രശസ്തിയൊന്നും ദാദിയുടെ ജീവിതത്തെ മാറ്റിയിട്ടില്ല. ടൈംവാരിക കണ്ടിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം. മുന്‍പും കണ്ടിട്ടില്ല. തന്റെ ചിത്രം വന്ന ലക്കവും കണ്ടില്ല. അന്താരാഷ്ട്ര പ്രശസ്തി കൈവന്നതില്‍ സന്തോഷമുണ്ട്. എല്ലാവരോടും സ്‌നേഹമേയുള്ളൂ, വെറുപ്പ് കൊണ്ട് ഒന്നും നേടില്ല. ആ വെറുപ്പിനെതിരെയാണ് നമ്മള്‍ സമരം ചെയ്തത്. ബില്‍ഖീസ് പറഞ്ഞു തുടങ്ങി. നമ്മള്‍ സമരത്തിനിറങ്ങിയില്ലായിരുന്നുവെങ്കില്‍, വീടുകള്‍ക്കുള്ളില്‍ തന്നെ കഴിഞ്ഞിരുന്നെങ്കില്‍ എങ്ങനെയാണ് സി.എ.എക്കെതിരേ നമുക്ക് പ്രതിഷേധമുണ്ടെന്ന് സര്‍ക്കാറിനെ അറിയിക്കാനാവുക. 80 കഴിഞ്ഞ എനിക്ക് ജീവിതത്തില്‍ ഇനിയെന്താണ് പ്രതീക്ഷിക്കാനുള്ളത്. നമ്മള്‍ മരിക്കും. നമ്മുടെ മക്കള്‍ക്ക് ഇതേ മണ്ണില്‍ തന്നെ ജീവിക്കണം. ലോകത്തെ ഓരോ മനുഷ്യരും സമത്വത്തോടെ കഴിയേണ്ടവരാണ്. ഈ സമത്വത്തിന് വേണ്ടിയാണ് നമ്മള്‍ സമരം ചെയ്തത്. ദാദി പറഞ്ഞു. ജാമിഅ ലൈബ്രറിയില്‍ പൊലിസ് നടത്തിയ അതിക്രമത്തെത്തുടര്‍ന്നാണ് തങ്ങള്‍ തെരുവിലിറങ്ങിയതെന്ന് ദാദി പറഞ്ഞു.
ആരും നിര്‍ബന്ധിച്ചതല്ല
അക്രമത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ വീട്ടിലിരിക്കാന്‍ തോന്നിയില്ല. ഞങ്ങള്‍ സ്ത്രീകള്‍ ഓരോരുത്തരായി തെരുവിലിറങ്ങി. ആരും തങ്ങളെ നിര്‍ബന്ധിച്ചില്ല. സമരം ചെയ്യാനൊരുങ്ങിയപ്പോള്‍ ആരും വേണ്ടെന്ന് പറഞ്ഞുമില്ല. വേണ്ടെന്ന് പറയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി അനീതിയായിരുന്നു രാജ്യത്ത് നടന്നത്. ആരെങ്കിലും അതിനെതിരേ ശബ്ദിക്കേണ്ടതുണ്ടായിരുന്നു. ആരെയും കാത്തുനിന്നില്ല, ഞങ്ങള്‍ തന്നെ തെരുവിലിറങ്ങി. ജീവിതത്തില്‍ ആദ്യമായായിരുന്നു സമരത്തില്‍ പങ്കെടുക്കുന്നതെന്ന് ദാദി പുഞ്ചിരിയോടെ പറഞ്ഞു. കൃഷിയും ഭര്‍ത്താവും കുഞ്ഞുങ്ങളും അതിനപ്പുറത്തേക്കുള്ള ലോകത്തെക്കുറിച്ചുള്ള ചിന്ത അത്രയും കാലമില്ലായിരുന്നു. ശാന്തമായി ജീവിച്ചുകളയാമെന്ന് കരുതിയാണ് ഡല്‍ഹിയിലെത്തിയത്. ദീദി തുടരുന്നു. എന്നാല്‍, ശാന്തി മാത്രമുണ്ടായില്ല. മണല്‍ക്കൂന പോലെ വളഞ്ഞുനില്‍ക്കുന്ന അനീതികള്‍ കാണുമ്പോള്‍ എങ്ങനെയാണ് ശാന്തമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുക. നോട്ടു നിരോധനം, വര്‍ഗീയ വിഭജനം, മനുഷ്യരെ പരസ്പരം ശത്രുക്കളാക്കല്‍ തുടങ്ങി അനീതികളായിരുന്നു ചുറ്റും. സമരം ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ നമ്മള്‍ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. അത് കഴിഞ്ഞ് ആവശ്യമെങ്കില്‍ നമ്മള്‍ വീണ്ടും അതേ തെരുവിലുണ്ടാകും.
തെരുവിന് തീ പിടിക്കട്ടേ...
സമരത്തിനു ശേഷവും അനീതികള്‍ തുടരുന്നു. നമ്മുടെ കുഞ്ഞുങ്ങളില്‍ പലരും ഇപ്പോഴും ജയിലിലാണ്. കണ്ടില്ലേ കര്‍ഷകര്‍ സമരത്തിലാണ്. അവര്‍ക്കൊപ്പം നമ്മളും ചേരേണ്ടതല്ലേ. അവരുടെ പ്രശ്‌നങ്ങള്‍ ന്യായമാണ്. അവരെ അവരുടെ കൃഷിഭൂമിയില്‍ അടിമകളാക്കാന്‍ പോകുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നു. നമ്മള്‍ ശക്തമായ സമരം നടത്തിയാല്‍ സര്‍ക്കാറിന് ഇത്തരം നിയമങ്ങളെല്ലാം പിന്‍വലിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍ കഴിയും. ദാദി ചോദിക്കുന്നു. ഹാപ്പൂരിലെ കൃഷിത്തോട്ടത്തിലെ സാധാരണക്കാരിയായുള്ള ശാന്തമായ ജീവിതമോ? അതോ ഡല്‍ഹി നഗരത്തിലെ സമരമുഖത്തിലെ ജീവിതമോ? ഏതാണ് ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ ദാദി പറഞ്ഞു, ഡല്‍ഹി തന്നെ. ഇവിടെ എനിക്ക് ഒരുപാടുപേര്‍ക്ക് സമരത്തിനുള്ള പ്രചോദനമാകാന്‍ സാധിച്ചു. ലോകമറിയുന്ന ഒരു സമരത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചു. ഹാപ്പൂരിലായിരുന്നെങ്കില്‍ എങ്ങനെ അതെല്ലാം സാധിക്കും. ഡല്‍ഹി തന്നെയാണിഷ്ടം.
ഷഹീന്‍ ബാഗിന്റെ നട്ടെല്ല്
ചോദിച്ചും ചോദിക്കാതെയും ദാദി ഏറെയും പറഞ്ഞത് സി.എ.എ സമരത്തെക്കുറിച്ചല്ല, കര്‍ഷക സമരങ്ങളെക്കുറിച്ചാണ്. അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചാണ്. ഭര്‍ത്താവിനൊപ്പം ഹാപ്പൂരിലെ കൃഷിത്തോട്ടത്തില്‍ ജീവിതം വിളയിച്ചെടുക്കാനെടുത്ത കഷ്ടപ്പാടുകളുടെ കാലം ഇന്നും ദാദിയുടെ മനസിലുണ്ടാകണം. പട്ടിണിയും ദാരിദ്യവും പെയ്ത വീടുകളില്‍ കരിപുരണ്ട അടുക്കളകളും കരിയില നിറഞ്ഞ മുറ്റവും ഉറികളും മണ്‍ചട്ടികളുടെ ഗണിതവും മാത്രം സ്വന്തമായുണ്ടായിരുന്ന ഒരുപറ്റം ഉമ്മമാര്‍ ഡല്‍ഹിയിലെ കടുത്ത തണുപ്പിനെ അതിജീവിച്ച് അടുത്തൊരു തലമുറയ്ക്കായി ചെയ്ത സമരമാണ് രാജ്യത്തെ ഇളക്കി മറിച്ച സി.എ.എ വിരുദ്ധ സമരത്തിന്റെ കാതല്‍. ദാദിയായിരുന്നു ആ സമരത്തിന്റെ നട്ടെല്ല്. ഒരേ ഒരു ലക്ഷ്യത്തിനു വേണ്ടി രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടായി തെരുവിലിറക്കാന്‍ സാധിച്ചത് അവര്‍ക്ക് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."