പിടിച്ചുനില്‍ക്കാനാകാതെ കുരുമുളക് കര്‍ഷകര്‍
കല്‍പ്പറ്റ: പ്രളയത്തിന് ശേഷം പിടിച്ചുനില്‍ക്കാനാകാതെ കുരുമുളക് കര്‍ഷകര്‍.
നിലവില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വന്‍തോതില്‍ കുരുമുളക് വള്ളികള്‍ കൂട്ടത്തോടെ നശിക്കുകയാണ്. വേനല്‍ക്കാലത്തുള്ള അമിത താപവും ഈയിടെയുണ്ടായ ശക്തമായ മഴയും കാരണം കുരുമുളക് വള്ളികള്‍ പഴുപ്പ് ബാധിച്ച് ഇല കൊഴിഞ്ഞ് ഉണങ്ങുകയാണ്. കൂടാതെ ജില്ലയിലെ വിവിധയിടങ്ങളില്‍ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാല്‍ കൃഷികളുടെ വേര് പോലും ചീഞ്ഞ് നശിച്ചിരിക്കയാണ്.
കൃഷിഭവന് മുഖേന നല്കുന്ന നാമമാത്ര സഹായം കൊണ്ടൊന്നും കറുത്ത പൊന്നിന്റെ മേഖല പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. അതിനാല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കണം. ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ എഴുതിതള്ളണം, അല്ലാത്തപക്ഷം കുരുമുളക് കര്‍ഷകര്‍ ഈ കൃഷിയില്‍ നിന്ന് പിന്മാറേണ്ടി വരും. കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇതില്‍ വലഞ്ഞത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനിക രീതിയില്‍ വിവിധ രീതികള്‍ അവലംബിച്ച് കര്‍ഷകര്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലാണ് കുരുമുളക് കൃഷിയിറക്കിയിരിക്കുന്നത്. മുന്തിയ ഇനം തൈകളും നല്ല വളവും നല്കി പരിപാലിച്ച് പോരുന്ന കൃഷിയാണ് ഇത്തരത്തില്‍ നശിച്ച് കൊണ്ടിരിക്കുന്നത്.
ഈ ദുരവസ്ഥ തുടര്‍ന്നാല്‍ കര്‍ഷകര്‍ പൂര്‍ണമായും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."