പൗരത്വ നിയമത്തെക്കുറിച്ച് കൊറോണക്കാലത്ത് വായിക്കുമ്പോള്‍
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ബുക്പ്ലസ് പുറത്തിറക്കിയ 'പൗരത്വനിയമം: മതം, ദേശീയത, രാഷ്ട്രീയം' എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കെയാണ് കൊവിഡ്-19 നമ്മുടെ മുന്‍ഗണനാക്രമങ്ങളില്‍ വരുത്തിയ അട്ടിമറികളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചിന്തകള്‍ മനസില്‍ ഉടലെടുക്കുന്നത്. കൊവിഡ്-19നെ തുടര്‍ന്ന് രൂപപ്പെട്ട സവിശേഷമായ സാമൂഹികാന്തരീക്ഷവും രോഗവ്യാപനത്തെ തടയുകയെന്ന ഭംഗ്യന്തരേണ അരങ്ങേറിയ ഭരണകൂടങ്ങളുടെ അധികാരപ്രയോഗങ്ങളും കാരണം സജീവമായ തുടര്‍ച്ച നഷ്ടപ്പെട്ടുപോയിരുന്നു പൗരത്വനിയമത്തിനെതിരെ രാജ്യമെമ്പാടും ഉടലെടുത്ത പ്രതിഷേധങ്ങള്‍ക്ക്. ഒരു രാജ്യവും അത് അപരവത്കരിക്കാന്‍ ശ്രമിക്കുന്ന ഒരു മതവിഭാഗവും എന്ന ഭീഷണമായ രാഷ്ട്രീയ യാഥാര്‍ഥ്യം ഒരു രാജ്യവും അതിലെ ജനങ്ങളും അവരുടെ കൂട്ടായ അതിജീവനവുമെന്ന ക്ഷണികവും താത്കാലികവുമായ കൂട്ടുത്തരവാദിത്വത്തില്‍ വിസ്മൃതമായിപ്പോയി. രാജ്യത്താകമാനം ഉയര്‍ന്നുവന്നിരുന്ന ശഹീന്‍ ബാഗുകളില്‍ പലതും പുതിയ ആരോഗ്യാടിയന്തരാവസ്ഥ പ്രമാണിച്ച് സ്വയം പിരിഞ്ഞുപോവുകയോ ബലമായി ഒഴിപ്പിക്കുകയോ ചെയ്തു. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹുജന്‍പൗരാവകാശ പ്രക്ഷോഭത്തിനാണ് താത്കാലികമായെങ്കിലും കൊറോണയൊരു പ്രതിബന്ധമായി മാറിയത്.
'പൗരത്വനിയമം: മതം, ദേശീയത, രാഷ്ട്രീയം' എന്ന പുസ്തകത്തെ പ്രാഥമികമായി വായിക്കാനാഗ്രഹിക്കുന്നത് പ്രക്ഷോഭത്തിന്റെ പാതയില്‍ നിന്ന് വിസ്മൃതിയുടേതായ അന്തരീക്ഷത്തിലേക്ക് തിരികെപ്പോവുന്നൊരു പൊതുസമൂഹത്തിനുള്ള ശക്തമായ താക്കീതായാണ്. പുതിയ പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും ഇനിയും പൂര്‍ത്തിയാവാത്തൊരു പോരാട്ടത്തിന് പ്രതിജ്ഞാബദ്ധരാണ് നാമെന്നൊരു ഓര്‍മപ്പെടുത്തല്‍ ഈ പുസ്തകം സംവഹിക്കുന്നുണ്ട്.
പല അടരുകളും ചരിത്രഘട്ടങ്ങളും സാമൂഹികരാഷ്ട്രീയ പ്രത്യാഘാതങ്ങളുമുണ്ട് പൗരത്വനിയമത്തിനും അതിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും. തത്വശാസ്ത്രത്തിന്റെയും രാഷ്ട്രമീമാംസയുടെയും ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ഒക്കെ വീക്ഷണകോണുകളിലൂടെ രൂപപ്പെടുന്ന ബഹുമുഖ വീക്ഷണങ്ങള്‍ക്കേ തദ്വിഷയിയായ ഒരു സമഗ്രഭാവന രൂപപ്പെടുത്തുക സാധ്യമാവുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ പൗരത്വ നിയമത്തിന്റെ ഭിന്നമായ അടരുകളെ വിവിധ ജ്ഞാനശാസ്ത്രങ്ങളിലെ വിദഗ്ധരും ചിരപരിചിതരുമായവര്‍ വിശകലനവിധേയമാക്കുന്നതിനെ കോര്‍ത്തിണക്കാനുള്ള ഈ ശ്രമം ശ്ലാഘനീയമാണ്. ആവര്‍ത്തനവിരസതകളില്ലാതെ തന്നെ സൂക്ഷ്മമായ കാഴ്ചപ്പാടുകളുടെ വൈവിധ്യം പ്രസരണം ചെയ്യുന്നതിലും ഒപ്പം സ്ഥൂലമായ പ്രമേയത്തില്‍ കേന്ദ്രീകരിക്കുന്നതിലും ഈ പുസ്തകം വിജയിച്ചിട്ടുണ്ട്. ഇവ്വിഷയകമായി കുത്തനെയുള്ള (്‌ലൃശേരമഹ) ജ്ഞാനാന്വേഷണങ്ങള്‍ക്ക് മുതിരുമ്പോഴും തിരശ്ചീനമായൊരു (വീൃശ്വീിമേഹ) പ്രതലം നിലനിര്‍ത്താന്‍ ഈ സമാഹാരത്തിന് സാധിക്കുന്നു.
ദേശരാഷ്ട്രരൂപീകരണങ്ങളുടെ ഭാഗമായി ഉത്ഭവിച്ച പൗരന്‍, പൗരത്വം മുതലായ ആധുനിക രാഷ്ട്രീയ സങ്കല്‍പനങ്ങള്‍ നിഷേധിക്കപ്പെടുന്നതോടെ സ്‌റ്റേറ്റിന് ഒരു വ്യക്തിയെ എങ്ങനെ അവകാശങ്ങളില്ലാത്ത മനുഷ്യനാക്കിത്തീര്‍ക്കാന്‍ സാധിക്കുന്നുവെന്ന് അന്വേഷിക്കുകയാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ ടി.ടി ശ്രീകുമാറും 'ദേശരാഷ്ട്രവും പൗരത്വവും' എന്ന ഭാഗത്തില്‍ പി.കെ പോക്കറും എലിസബത്ത് ശേഷാദ്രിയും കെ. അഷ്‌റഫും. കുടിയേറ്റങ്ങളുടെയും പലായനങ്ങളുടെയും ആഗോളഭൂപടത്തിലേക്കും രാഷ്ട്രീയത്തിലേക്കും ചേര്‍ത്തുവച്ചുകൊണ്ട് പൗരത്വപ്രശ്‌നത്തെ വായിക്കുന്നതിന് ഈ താത്വികമായ ഇടപെടലുകള്‍ സഹായിക്കുന്നുണ്ട്. സാമൂഹ്യജീവിതത്തെയും അസ്തിത്വപരമായ ജീവിതത്തെയും പറ്റി, നാസി ഭീകരതയുടെ ഇരകൂടിയായ പ്രമുഖ തത്വചിന്തക ഹന്നാ ആരന്റിന്റെ നിരീക്ഷണങ്ങളിലേക്ക് ജോര്‍ജിയോ അഗമ്പന്റെ ജൈവരാഷ്ട്രീയപരമായ പരമാധികാരത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളെ കൂടി ചേര്‍ത്തുവയ്ക്കുന്നതിലൂടെ പൗരത്വപ്രക്ഷോഭങ്ങള്‍ക്ക് ചില ഘടനാപരമായ ബദല്‍ ലക്ഷ്യങ്ങള്‍ കൂടെ കെ. അഷ്‌റഫ് നിര്‍ദേശിക്കുന്നുണ്ട്. ആധുനിക ദേശരാഷ്ട്രങ്ങള്‍ക്കാവശ്യം പൗരന്മാരെയല്ല, മറിച്ച് സ്റ്റേറ്റ് നിര്‍ദേശിക്കുന്ന അധികരേഖകള്‍ കൂടെ കൈവശമുള്ള സ്റ്റേറ്റിസണ്‍മാരെയാണെന്ന് (ടമേശ്വേലി) പൗരത്വപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രഫസറായ അര്‍ജുന്‍ അപ്പാദുരൈ മുന്നോട്ടുവയ്ക്കുന്ന നീരീക്ഷണം ഏറെ പ്രസക്തമാണ്.
ഭരണഘടനയുടെ അന്തസത്തക്കും ആമുഖത്തിനും നിരക്കാത്തൊരു നിയമത്തിന് നിയമനിര്‍മാണ സഭകളിലും പരമോന്നത കോടതിയിലും ഭീകരമായൊരു സാധാരണത്വം കൈവന്നതിന്റെ നാള്‍വഴികള്‍ അനാവരണം ചെയ്യുന്നതാണ് 'ഭരണഘടനയുടെ രാഷ്ട്രീയ'മെന്ന ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങള്‍. പൊടുന്നനെ പൊട്ടിവീണൊരു തീരുമാനമല്ല പൗരത്വനിയമമെന്നും മറിച്ച്, നിയമപരമായ വിവിധ ചരിത്രഘട്ടങ്ങളിലുടെ കടന്നുവന്നതാണെന്നും ഈ ലേഖനങ്ങള്‍ ബോധ്യപ്പെടുത്തുന്നു.
പൗരത്വനിയമത്തിന് പിന്നിലെ വിശാലമായ സവര്‍ണ ഫാഷിസ്റ്റ് അജണ്ടകളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ് എഴുതിയ ലേഖനം.
'ജനാധിപത്യത്തെ അടര്‍ത്തിയെടുക്കുന്ന ഫാഷിസ'മെന്ന പ്രമേയത്തിന് കീഴില്‍ പ്രതാപ് ഭാനു മെഹ്ത എഴുതിയ ലേഖനം രാജ്യത്തെ നീതിന്യായ കോടതികളെ കുറിച്ച് പ്രസക്തമായ ചില ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. നിയമപരമായ പ്രാമാണികതയെക്കാള്‍ പൊതുജനത്തിനിടയിലുള്ള സ്വീകാര്യതയാണ് പലപ്പോഴും വിധിപ്രസ്താവങ്ങളില്‍ പരിഗണിക്കപ്പെടുകയെന്ന് ബാബരി മസ്ജിദ് വിധി ചൂണ്ടിക്കാണ്ടി അദ്ദേഹം വ്യക്തമാക്കുന്നു.
ഇരുനൂറ്റി എഴുപതിലേറെ പേജുകളിലായി വ്യത്യസ്തമായ പ്രമേയങ്ങളില്‍ മുപ്പതിലധികം ലേഖനങ്ങളുള്ള ബൃഹത്ത് ഗ്രന്ഥമായതിനാല്‍ കൂടുതല്‍ സൂക്ഷ്മമായ നിരൂപണത്തിന് പരിമിതികളുണ്ട്. സമാഹാരങ്ങള്‍ വായിക്കുമ്പോള്‍ പൊതുവേ കല്ലുകടിയായി അനുഭവപ്പെടാറുള്ള ആവര്‍ത്തനവിരസത ഇല്ലാതാക്കുവാന്‍ എഡിറ്റര്‍മാര്‍ നടത്തിയ പരിശ്രമം പ്രത്യേകം പ്രശംസനീയമാണ്.
എന്നാല്‍, കൊറോണാനന്തര ജീവിതവും പൗരത്വപ്രക്ഷോഭവും ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമായ കാര്യമോ പുതിയ കാലത്തിന്റെ പരിമിതികള്‍ക്കകത്ത് നിന്നുള്ള പ്രായോഗിക/താത്വിക വിശകലനങ്ങളോ ഈ പുസ്തകത്തിലില്ല. ഈ കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് പ്രസിദ്ധീകൃതമായ പുസ്തകം എന്ന നിലക്ക് അതൊരു പരിമിതിയായി തന്നെ നിലകൊള്ളുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."