ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഫാ. ടോണി കല്ലൂക്കാരനോട് അന്വേഷണസംഘം
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസിലെ നാലാംപ്രതി ഫാ. ടോണി കല്ലൂക്കാരനോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്കി. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്. അതിനിടെ ഫാ. ആന്റണി കല്ലൂക്കാരന് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ന് കോടതി പരിഗണിക്കും.
കര്‍ദിനാളിനെതിരേ വ്യാജരേഖ ചമയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് ഫാ. ടോണി കല്ലൂക്കാരനാണെന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാംപ്രതി ആദിത്യ പറഞ്ഞതായി അന്വേഷണം സംഘം വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് ഫാ. ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ത്തതെന്നും അന്വേഷണം സംഘം പറയുന്നു. കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറിയാണ് ഫാ. ടോണി കല്ലൂക്കാരന്. കേസില്‍ ഒന്നും രണ്ടും പ്രതികളായ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും വീണ്ടും ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപിക്കപ്പെട്ട പ്രകാരം കര്‍ദിനാളിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍ അക്കൗണ്ടില്ല. അക്കൗണ്ടുള്ളതായി വ്യാജ രേഖ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
റിമാന്‍ഡില്‍ കഴിയുന്ന ആദിത്യ അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ ബാങ്ക് രേഖ വ്യാജമായി ഉണ്ടാക്കുകയായിരുന്നെന്നും രേഖയിലുള്ളതുപോലെ 13 അക്ക അക്കൗണ്ട് നമ്പര്‍ ബാങ്കിനില്ലെന്ന് വ്യക്തമായതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തതിനെതിരേ ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും ഹൈക്കോടതിയില്‍ നല്കിയ ഹരജിയിന്മേലുള്ള വിശദീകരണത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."