ഓപ്പറേഷന്‍ താമര വാടുന്നു
മംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ താമര' പദ്ധതി നടപ്പാക്കാന്‍ ഇറങ്ങിയ ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ നീക്കം പാളുന്നു.
ഭരണം നിലനിര്‍ത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും കെ.സി വേണുഗോപാലും ഡല്‍ഹിയില്‍ നിന്നെത്തി കര്‍ണാടകയില്‍ തമ്പടിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതോടെയാണ് ബി.ജെ.പി നീക്കം പാളിയത്. ജൂണ്‍ ഒന്നിന് മുന്‍പായി സര്‍ക്കാര്‍ വീഴുമെന്നും തുടര്‍ന്ന് ബി.ജെ.പി നേതൃത്വത്തില്‍ സംസ്ഥാന ഭരണം വരുമെന്നും അടിക്കടി പ്രസ്താവന നടത്തിയിരുന്ന മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഇന്നലെ നിലപാട് മാറ്റി. കര്‍ണാടക ഭരണം പിടിക്കുന്നത് സംബന്ധിച്ചു ജൂണ്‍ അഞ്ചിന് ചേരുന്ന ബി.ജെ.പി യോഗത്തിനു ശേഷം പറയുമെന്നാണ് അദ്ദേഹം ഇന്നലെ പ്രസ്താവിച്ചത്. ജൂണ്‍ അഞ്ചുവരെ യെദ്യൂരപ്പ തീരുമാനം കൈക്കൊള്ളാന്‍ സമയം വേണമെന്ന തരത്തില്‍ പ്രസ്താവന ഇറക്കിയതോടെ അദ്ദേഹത്തിനു കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. എട്ട് എം.എല്‍.എമാരെ പൂര്‍ണമായും വരുതിയിലാക്കാന്‍ യെദ്യൂരപ്പക്ക് കഴിയാത്തതാണ് ഓപ്പറേഷന്‍ താമര പദ്ധതി വൈകുന്നതെന്നാണ് സൂചന.
105 എം.എല്‍.എമാര്‍ കൂടെയുള്ള യെദ്യൂരപ്പക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ എട്ട് എം.എല്‍.എമാരുടെ കൂടി പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യത്തില്‍ സംസ്ഥാന ഭരണം നടത്തുന്നതിനിടെ 20 ഓളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നോടൊപ്പം വരുമെന്നും ജൂണ്‍ ഒന്നിനകം ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവില്‍ വരുമെന്നുമാണ് കഴിഞ്ഞയാഴ്ച യെദ്യൂരപ്പ പറഞ്ഞത്. ഇതോടെ ജാഗ്രതപാലിച്ച കോണ്‍ഗ്രസ്, സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള മറുതന്ത്രവും പയറ്റുകയായിരുന്നു.
ജൂണ്‍ ഒന്നിനകം സഖ്യ സര്‍ക്കാര്‍ നിലം പതിച്ചില്ലെങ്കില്‍ യെദ്യൂരപ്പ എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ രാജിവക്കുമോയെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആവശ്യമായ വകുപ്പുകള്‍ ഉണ്ടോയെന്നും കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ചോദിച്ചിരുന്നു.
എന്ത് വില കൊടുത്തും സര്‍ക്കാര്‍ അഞ്ചു വര്‍ഷം ഭരണം നടത്തുമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇതിനു വേണ്ടി ഇന്നലെ കോണ്‍ഗ്രസ് നേതൃയോഗം ബംഗളൂരുവിലെ ആസ്ഥാനത്ത് നടന്നു. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, ഡി.കെ ശിവകുമാര്‍ എന്നീ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുള്‍പ്പെടെയുള്ള ജെ.ഡി.എസ് നേതാക്കളുമായും കോണ്‍ഗ്രസ് ചര്‍ച്ചനടത്തി. സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര വ്യക്തമാക്കി.
അതിനിടെ മന്ത്രിസഭ കൂടുതല്‍ വികസിപ്പിക്കുന്നില്ലെന്നും ഒഴിവുവന്ന മൂന്നു പദവികളില്‍ മന്ത്രിമാരെ നിയമിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിലെ അഞ്ചിലധികം എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്നതായാണ് വിവരം. രമേശ് ജര്‍ക്കി ഹോളി, റോഷന്‍ ബൈഗ്, കെ.സുധാകര എന്നിവരാണ് വിമതരില്‍ പ്രധാനികള്‍.
ഇന്നലെ വൈകീട്ട് കോണ്‍ഗ്രസിന്റെ നിയമസഭാപാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ മുഴുവന്‍ പാര്‍ട്ടി എം.എല്‍.എമാരും പങ്കെടുത്തോ എന്ന വിവരം പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."