വ്യായാമം ആരോഗ്യസംരക്ഷണത്തിന്
മനുഷ്യന്റെ ശാരീരികവും മാനസികവുമായ നിലനില്‍പിന് വ്യായാമം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും ഉണ്ടാകൂ. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായമത്തിലേര്‍പ്പെട്ടാലെ ശരീരത്തിന് മതിയായ ഉന്‍മേഷം ലഭിക്കുകയുള്ളു. വളരെ എളുപ്പത്തില്‍ പ്രാഥമികമായും ചെയ്യേണ്ട കുറച്ച് വ്യായമങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നു.
നടത്തം
എത്ര ചെറിയ ദൂരത്തേക്കാണെങ്കില്‍ വാഹനങ്ങളെ ആശ്രയിച്ച് മാത്രം പരിചയമുള്ളവരാണ് കേരളീയര്‍. ദിവസത്തില്‍ കുറച്ചുസമയംപോലും നടക്കാന്‍ നാം തയാറാകാറില്ല. ഇതിനാല്‍ നിരവധി രോഗങ്ങളാണ് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്.
നടത്തം നല്ല ഒരു വ്യായാമ മുറയാണ്. ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമ മുറയാണ് നടത്തം. പ്രമേഹം, ഹൃദ്രോഗം, അമിതഭാരം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ക്ക് നടത്തം നല്ലതാണ്. സൂര്യോദയത്തിന് മുമ്പെ എഴുന്നേറ്റ് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ നടക്കണം. രണ്ട് കൈയും വീശിയായിരിക്കണം നടക്കേണ്ടത്.
മറ്റു രോഗങ്ങള്‍ എന്തെങ്കിലും അലട്ടുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കണം. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ജോലി ചെയ്യാത്തത് കാരണമാണ് പലര്‍ക്കും രാവിലെ എഴുന്നേറ്റ് നടക്കേണ്ടിവരുന്നത്. ദിവസവും നടക്കുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാനാകും. അമിത വണ്ണമുള്ളവര്‍ക്കുണ്ടാകുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊഴുപ്പ്, കാല്‍മുട്ട് വീക്കം, നടുവേദന എന്നിവയില്‍ മോചനം നേടാന്‍ ഇത് സഹായിക്കും.
വയര്‍ കുറക്കാന്‍
ഇന്ന് എല്ലാവരുടെയും പ്രധാനപ്പെട്ട പ്രശ്‌നമാണ് വയര്‍ ചാടുകയെന്നത്. കഴിക്കുന്ന ഭക്ഷണത്തിന് പകരമായി ഒന്നും ചെയ്യാത്തവര്‍ക്കും കൂടുതലായി ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും അധിക സമയം വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കും കുടവയര്‍ ഉണ്ടാകുന്നു. ഇതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍.
ലെഗ് റെയ്‌സ്
മലര്‍ന്നു കിടന്ന ശേഷം രണ്ടുകാലുകളും മുകളിലേക്ക് ഉയര്‍ത്തുക. 90 ഡിഗ്രി എത്തുന്നത് വരെ ഉയര്‍ത്തിയ ശേഷം താഴേക്കും അതുപോലെ കൊണ്ടുവരുക. ദിവസവും 30 തവണയെങ്കിലും ഇപ്രകാരം ചെയ്യുന്നത് വയര്‍കുറയുന്നതിന് സഹായിക്കും.
ട്വിസ്റ്റ്‌സ്
കാലുകള്‍ അകറ്റിവച്ച് നിവര്‍ന്ന് നിന്ന് ഇരുവശങ്ങളിലേക്കും തിരിയുക. തിരിയുന്ന സമയത്ത് തോളില്‍ കമ്പിപോലുള്ള എന്തെങ്കിലും പിടിച്ചാല്‍ തിരിയുന്നത് കൃത്യമാക്കാനാകും.
ആബ്ക്രഞ്ചസ്
മലര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ രണ്ടും പൊക്കി രണ്ട് കൈകളും തലക്ക് പിന്നില്‍ പിടിച്ച് തല കാല്‍മുട്ടില്‍ എത്തുന്ന വിധം പതുക്കെ തല ഉയര്‍ത്തുക. ദിവസവും 30 പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്താല്‍ ഫലമുണ്ടാകും.
നീന്തല്‍
ചെലവില്ലാതെയും ഈസിയായതും വളരെപെട്ടെന്നു ചെയ്യാനാകുന്ന വ്യായാമമാണ് നീന്തല്‍. നീന്തലിലൂടെ വളരെയേറെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു. വയറിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കുകയും അതുവഴി കുടവയര്‍ കുറക്കാനാവുകയും ചെയ്യും. കൈയും കാലും ഒരേ സമയം ചലിപ്പിക്കുന്നതിനാല്‍ ഈ അവയവങ്ങള്‍ക്ക് നീന്തല്‍ കരുത്തുപകരുന്നു. മസിലുകള്‍ക്ക് കരുത്തും ഫിറ്റ്‌നസും നല്‍കാന്‍ നീന്തല്‍ സഹായിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം, സ്‌ട്രോക്ക് എന്നിവയില്‍ നിന്നും മുക്തി നേടാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."