HOME
DETAILS
MAL
ഹത്രാസ് കൂട്ടബലാത്സംഗക്കൊല യു.പിയില്‍ ഭീതി; ഡല്‍ഹിയിലേക്കു മാറ്റണമെന്ന് കുടുംബം
backup
October 19 2020 | 04:10 AM
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി സവര്‍ണരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍, യു.പി പൊലിസിനും സര്‍ക്കാരിനുമെതിരേ പരോക്ഷ ആരോപണവുമായി ഇരയുടെ കുടുംബം വീണ്ടും രംഗത്ത്.
കേസില്‍ കുടുംബത്തെ കുടുക്കാന്‍ ശ്രമങ്ങള്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, തങ്ങള്‍ക്കു കുടുംബസമേതം ഡല്‍ഹിയിലേക്കു മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ തുടരാന്‍ ഭയമുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
നേരത്തെ, കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ ഡല്‍ഹിയിലേക്കു മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
യു.പിയില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഡല്‍ഹിയിലേക്കു മാറണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നു പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കി. സംഭവത്തിലെ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്നു കുടുംബത്തിന്റെ അഭിഭാഷക സീമ കുശ്‌വാഹയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നതെങ്കിലും സി.ബി.ഐ അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുതന്നെ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിരുന്നില്ല. ഹൈക്കോടതിയുടെ കീഴില്‍ മതിയെന്നായിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്. യു.പി സര്‍ക്കാരിനെയും പൊലിസിനെയും സി.ബി.ഐയേയും വിശ്വാസമില്ലെന്നു കുടുംബം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം നിരവധി തവണ പെണ്‍കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്തതും സംശയത്തിനിടയാക്കി. പെണ്‍കുട്ടിയുടെ കുടുംബമാണ് അവളെ കൊന്നതെന്ന പ്രതിയുടെ ആരോപണത്തില്‍പോലും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാവടക്കമുള്ളവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."