'സര്‍ക്കാറിനെ പിരിച്ചു വിടുമോ എന്ന ഭയമില്ല, രാജിക്കും തയ്യാര്‍, സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ല': കാര്‍ഷിക നിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബ്
അമൃത്സര്‍: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും എന്തൊക്കെ സംഭവിച്ചാലും അതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
'സര്‍ക്കാറിനെ പിരിച്ചു വിട്ടാലോ എന്ന ഭയം എനിക്കില്ല. എന്തൊക്കെ സംഭവിച്ചാലും കര്‍ഷകരെ പ്രയാസപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ബില്ല് അനുവദിക്കില്ല'- അദ്ദേഹം പറഞ്ഞു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 14ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചണ്ഡിഗഢില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തിരുന്നു. കര്‍ഷകരെ സംരക്ഷിക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പു വെച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സെപ്തംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."