വിവാഹ വാഗ്ദാനം നല്കി പീഡനം: പ്രതിക്ക് ഏഴുവര്‍ഷം തടവും പിഴയും
കൊല്ലം: ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. ശൂരനാട് ഇടയ്ക്കാട്ട് ഒറ്റത്തെങ്ങുവിളയില് വീട്ടില്‍ സിബി ചാക്കോയെയാണ് കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴ ഒടുക്കുന്നപക്ഷം പിഴത്തുക ലൈംഗിക പീഡനത്തിനിരയായ യുവതിക്ക് നല്‍കണമെന്നും കോടതി ഉത്തരവായി. പിഴയൊടുക്കാത്തപക്ഷം പ്രതി വീണ്ടും പത്ത് മാസം കഠിന തടവ് അനുവഭിക്കേണ്ടിവരും. യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു.
ലൈംഗികാതിക്രമത്തിന് വിധേയയായ യുവതിയുടെ സഹോദരനൊപ്പം നേരത്തെ ടൈല്‍സിന്റെ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ജോലി ആവശ്യത്തിനായി യുവതിയുടെ തിരുവനന്തപുരത്തെ കുടുംബ വീട്ടില്‍ താമസിച്ചിരുന്ന ഇയാള്‍ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ബി.എഡ് കോഴ്സിനു പഠിക്കുകയായിരുന്ന യുവതിയെ പ്രതി തന്ത്രപൂര്‍വം വീട്ടില്‍ വരുത്തിയശേഷം പല ദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗള്‍ഫില്‍ പോയ പ്രതി തിരികെ വന്നാലുടന്‍ വിവാഹം കഴിക്കാമെന്ന് യുവതിക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്നും മടങ്ങിവന്ന ശേഷം വിവാഹക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തിയതി തീരുമാനിച്ചപ്പോള്‍ പ്രതി മുങ്ങുകയും ചെയ്തു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ യുവതി ശൂരനാട്ടെ പ്രതിയുടെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നു മനസിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ശൂരനാട് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."