മത്സ്യത്തൊഴിലാളി പെന്ഷന് 1,100 രൂപയാക്കി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്ഷന് അടുത്തമാസം മുതല്‍ 1,000 രൂപയില്‍ നിന്ന് 1,100 രൂപയാക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് ആനുകൂല്യം 10 ലക്ഷമായി വര്‍ധിപ്പിച്ചത് ഡിസംബര്‍ 17 മുതല്‍ നിലവില്‍വരും. മത്സ്യ സമ്പത്ത് സംരക്ഷിക്കാനും ഗുണനിലാരം ഉറപ്പുവരുത്താനും പുതിയ ബില്‍ കൊണ്ടുവരും. 14 ഇനം ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. 44 ഇനം ചെറുമത്സ്യങ്ങളെകൂടി പിടിക്കരുതെന്ന് ഉത്തരവിറക്കും. കൊല്ലത്ത് ഇത്തരം മീന്‍പിടുത്തം കണ്ടെത്തി രണ്ട് ലക്ഷം വരെ ബോട്ടുകള്‍ക്ക് പിഴയിട്ടതായും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. പുതിയ മാര്‍ക്കറ്റിങ് ബില്‍ വരുന്നതോടെ ഇത് പരിഗണിക്കാനാകും. സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം കിട്ടാത്തതിനെത്തുടര്‍ന്ന് കുടിശിക ആയിട്ടുണ്ട്. തീരസുരക്ഷ കടല്‍ഭിത്തി നിര്‍മാണം കൊണ്ടുമാത്രം പരിഹരിക്കാനാകില്ല. പുതിയ രീതികള്‍ ആലോചിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കും. പൊന്നാനി തുറമുഖവുമായി ബന്ധപ്പെട്ടുള്ള നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയൊരു ജെട്ടികൂടി നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്കു 100 കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."