റേറ്റിങ് തട്ടിപ്പ്: റിപ്പബ്ലിക് ടി.വിയെ രക്ഷിച്ചെടുക്കാന്‍ കേന്ദ്രനീക്കമെന്ന്; തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: റേറ്റിങ് തട്ടിപ്പില്‍ കേസിലകപ്പെട്ട റിപ്പബ്ലിക് ടി.വിയെ രക്ഷിക്കാന്‍ കേന്ദ്രനീക്കമെന്ന് ആരോപണം. യു.പിയിലും സമാന കേസ് രജിസ്റ്റര്‍ ചെയ്യുകയും അവ സി.ബി.ഐക്കു വിടുകയും ചെയ്ത് മഹാരാഷ്ട്രയിലെ കേസുകളും സി.ബി.ഐയെ ഏല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെ, ഈ നീക്കം തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തി.
മഹാരാഷ്ട്രയിലെ കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്നും അല്ലാത്ത കേസുകളില്‍ സി.ബി.ഐ ഇടപെടേണ്ടെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുന്നതിനുള്ള പൊതുഅംഗീകാരം പിന്‍വലിച്ചാണ് സര്‍ക്കാരിന്റെ നീക്കം. ഇതോടെ, റേറ്റിങ് തട്ടിപ്പ് കേസില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മുംബൈ പൊലിസ് തന്നെ അന്വേഷിക്കും.
കേസില്‍ മുകളില്‍നിന്നു രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.
റേറ്റിങ് തട്ടിപ്പ് കേസില്‍ നേരത്തെ റിപ്പബ്ലിക് ടി.വി സി.ഇ.ഒ, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയവരെ മുംബൈ പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ ചാനല്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചത്. കേസില്‍ ബോംബെ ഹൈക്കോടതി ചാനല്‍ പ്രതിനിധിയോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് യു.പിയില്‍ ചിലരുടെ പരാതിയില്‍ രണ്ടു ചാനലുകള്‍ക്കെതിരേ കേസെടുക്കുകയും ഇതു പെട്ടെന്നുതന്നെ സി.ബി.ഐക്കു കൈമാറുകയും ചെയ്തത്. മഹാരാഷ്ട്രയില്‍ റിപ്പബ്ലിക് ടി.വിക്കെതിരേയുള്ള സമാന കേസുകള്‍കൂടി സി.ബി.ഐക്കു വിടാനുള്ള നീക്കമാണിതെന്നു മനസിലാക്കിയതിനു പിന്നാലെയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."