HOME
DETAILS

സൈബര്‍ കുറ്റവാളികളെ മാധ്യമപ്രവര്‍ത്തകരോട് തുലനം ചെയ്യരുത്

  
backup
October 23, 2020 | 10:10 PM

316465-2

 

സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ അനുദിനമെന്നോണം പെരുകിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍, പ്രസ്തുത കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറെടുത്തിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനം ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. നിലവിലെ പൊലിസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതില്‍ നിലവിലെ നിയമം ദുര്‍ബലമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്. സൈബര്‍ മാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊലിസ് മേധാവിയോടും കഴിഞ്ഞ മെയ് മാസത്തില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും ശക്തി കൂടിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമ ഭേദഗതിക്ക് തയാറായതെന്ന് വേണം കരുതാന്‍. എന്നാല്‍ ഈ നിയമപരിധിയില്‍ മാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് ദുരൂഹമാണ്.
നേരത്തെയുണ്ടായിരുന്ന 2000 ലെ ഐ.ടി ആക്ട് 66 എ വകുപ്പും 2011 ലെ കേരള പൊലിസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് 2015 മാര്‍ച്ച് 23ന് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍ അപകീര്‍ത്തികരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഐ.ടി ആക്ടിലെ 66 എ വകുപ്പ്. ഈ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കണ്ടെത്തിയായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബെഞ്ച് റദ്ദാക്കിയത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഈ നിയമം എന്തുകൊണ്ട് ഇത്രനാളും കോടതിക്ക് മുന്‍പില്‍ എത്തിയില്ലെന്ന് സുപ്രിംകോടതി അന്ന് അത്ഭുതപ്പെടുകയും ചെയ്തു. ഐ.ടി ആക്ട് 66 എ വകുപ്പിന് തുല്യമാണ് കേരള പൊലിസ് ആക്ടിലെ 118 (ഡി) വകുപ്പെന്നും സുപ്രിംകോടതി അന്ന് നിരീക്ഷിച്ചതിനെത്തുടര്‍ന്ന് പ്രസ്തുത വകുപ്പും റദ്ദാക്കുകയുണ്ടായി.


ശിവസേനാ നേതാവ് ബാല്‍ താക്കറെ മരിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടത്തിയ ഹര്‍ത്താലിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികളെ മഹാരാഷ്ട്ര പൊലിസ് ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പറ്റം നിയമവിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നായിരുന്നു സുപ്രിംകോടതി പ്രസ്തുത നിയമം റദ്ദാക്കിയത്. ഇതോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഫലപ്രദമായ നിയമവ്യവസ്ഥകള്‍ ഇല്ലാതായി. വിവര സാങ്കേതിക നിയമവും ഇല്ലാതായി. ഈ നിയമ ശൂന്യത പരിഹരിക്കാന്‍ ഐ.ടി ആക്ടില്‍ നിയമഭേദഗതി വരുത്തുന്നത് അംഗീകരിക്കാം. പക്ഷേ അതിന്റെ കൂടെ അച്ചടി, ദൃശ്യ മാധ്യമങ്ങളെക്കൂടി കൂട്ടിക്കെട്ടുന്നത് എങ്ങനെയാണ് അംഗീകരിക്കാനാവുക. മാധ്യമങ്ങള്‍ ഈ നിയമപരിധിയില്‍ വരുമ്പോള്‍ നേരത്തെ സുപ്രിംകോടതി റദ്ദാക്കിയ നിയമം വീണ്ടും പുനരുജ്ജീവിപ്പിക്കലായിരിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് തീര്‍ക്കലായിത്തീരുമത്.


സാധാരണക്കാര്‍ തൊട്ട് രാജ്യത്തെ ഉന്നതസ്ഥാനീയര്‍ വരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. രാജ്യത്ത് നടക്കുന്ന പല സംഭവങ്ങളും തെറ്റായി ചിത്രീകരിച്ച് ജനങ്ങളില്‍ വിദ്വേഷവും അക്രമോത്സുകതയും ഇത്തരം സന്ദേശങ്ങള്‍ ഉണ്ടാക്കുന്നു. ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്നു. വാട്‌സ്ആപിലും ഫേസ്ബുക്കിലും വരുന്ന വ്യാജസന്ദേശങ്ങള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണ്. ഒരു സന്ദേശം വഴി നാട്ടില്‍ കലാപം വരെ സൃഷ്ടിക്കാന്‍ കഴിയുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ഇതേ അളവുകോലുവച്ച് അളക്കേണ്ടതാണോ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ. സംഭവങ്ങളും വസ്തുതകളും തികഞ്ഞ ബോധ്യത്തിന്റെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. അതില്‍ പലതും ഭരണാധികാരികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാം, സന്തോഷിപ്പിക്കുന്നുണ്ടാവാം. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അതു വിഷയമല്ല. അച്ചടി മാധ്യമങ്ങള്‍ക്ക് പരിധിയുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് അതില്ല. എന്തും വിളിച്ചു പറയാം. എന്നാല്‍ അപകടകരവും തെറ്റായതും സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്നതോ, അക്രമം പ്രോത്സാഹിപ്പിക്കുന്നതോ ആയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാനുള്ള ബാധ്യത മാധ്യമസ്ഥാപനങ്ങള്‍ക്കുണ്ട്. അതിന് നിയുക്തരായ എഡിറ്റര്‍മാരുണ്ട്. സാമൂഹ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുണ്ട്. ഇങ്ങനെയൊരു സംവിധാനവുമില്ലാത്ത, ആരെയും എന്തും പറയാമെന്ന ഹുങ്കില്‍ വിദ്വേഷം വമിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങള്‍ക്കും മാധ്യമധര്‍മത്തോടെ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഒരേ നിയമം കൊണ്ടുവരുന്നത് പത്രസ്വാതന്ത്ര്യത്തിന് വിലങ്ങ് തീര്‍ക്കാന്‍ വേണ്ടിയാണ്.


ഓര്‍ഡിനന്‍സ് മാധ്യമങ്ങള്‍ക്ക് ബാധകമാക്കുന്നതിലൂടെ പത്ര സ്വാതന്ത്ര്യത്തിനും ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിടുകയാണ് സര്‍ക്കാര്‍. തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വിവരങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും വച്ച് ഇരകളെ പ്രത്യേകിച്ച് സ്ത്രീകളെ വേട്ടയാടുന്ന സൈബര്‍ കുറ്റവാളികളോട് തുലനം ചെയ്യേണ്ടവരല്ല സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍. സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന, തീര്‍ത്തും അയഥാര്‍ഥങ്ങളായ കാര്യങ്ങള്‍ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ വന്നാലുണ്ടാകുന്ന നിയമ പ്രത്യാഘാതങ്ങളെക്കുറിച്ച് തികച്ചും ബോധ്യമുള്ളവര്‍ തന്നെയാണ് മാധ്യമ മാനേജ്‌മെന്റുകളും തലപ്പത്തിരിക്കുന്ന എഡിറ്റര്‍മാരും. ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ അതിനാല്‍ തന്നെ മാധ്യമങ്ങളെ കൊണ്ട് വരുന്നത് അംഗീകരിക്കാനാവില്ല. ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ ഏത് വാര്‍ത്തയുടെ പേരിലും മാധ്യമപ്രവര്‍ത്തകരെ കേരളത്തിലെ പൊലിസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസ് പ്രതിയാക്കാനുള്ള സാഹചര്യമാണുണ്ടാവുക. പൊലിസിന് നേരിട്ട് കേസെടുക്കാവുന്നതുമാണ്. പൊലിസിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കായിരിക്കും ഇത് ഇടവരുത്തുക. സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ അഴികള്‍ക്കുള്ളിലാവുകയും ചെയ്യും.


കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അവരുടെ പ്രതിഷേധം ഇതിനകം അറിയിച്ചു കഴിഞ്ഞു. ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ ലംഘനവുമായതിനാല്‍, മാധ്യമങ്ങള്‍ക്കു മൂക്ക് കയറിടാന്‍ പൊലിസിന് അധികാരം നല്‍കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കായിരിക്കും ഇട വരുത്തുക. നിയമ ഭേദഗതിയുടെ പരിധിയില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  32 minutes ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  2 hours ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  2 hours ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  2 hours ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  2 hours ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  3 hours ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  3 hours ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  4 hours ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  4 hours ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  5 hours ago